കള്ളവോട്ടുകളിൽ വിശ്വസിച്ച് തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ് സി.പിഎം കരുതുന്നത് -കെ.സി. വേണുഗോപാൽ
text_fieldsകണ്ണൂർ: പോസ്റ്റൽ വോട്ടുകളിലും കള്ളവോട്ടുകളിലും വിശ്വസിച്ച് തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ് സി.പിഎം കരുതുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ.
സംസ്ഥാനത്ത് പത്ത് ലക്ഷത്തിലധികം കള്ള വോട്ടർമാരെ തിരുകി കയറ്റിയിരിക്കുന്നുവെന്നാണ് പാർട്ടി നടത്തിയ പഠനത്തിൽ വ്യക്തമായത്. കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫിസറുടെ മുമ്പാകെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാലര ലക്ഷം പേരുടെ കള്ളവോട്ട് സംബന്ധിച്ച തെളിവുകൾ നൽകി കഴിഞ്ഞു. ഇൗ വിഷയത്തിൽ സത്വരവും ഫലപ്രദവുമായ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരേ വോട്ടർമാരുടെ പേരിൽ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും മറ്റ് നിയോജക മണ്ഡലങ്ങളിൽ പോലും ഒന്നിലധികം വോട്ടുകളുണ്ട്. ജീവിച്ചിരിപ്പില്ലാത്ത പലരുടേയും പേരുകളും വോട്ടർ പട്ടികയിലുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി കെ.പി.സി.സി ഏർപ്പെടുത്തിയ പാർട്ടിയുടെ ഒരു ഗവേഷണ വിഭാഗം നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഇരട്ടവോട്ട് സംബന്ധിച്ച് പഠനം നടത്തുകയായിരുന്നു. ഒരു സാമ്പിളെന്ന നിലയിൽ ഒരു നിയോജക മണ്ഡലമെടുത്ത് പഠിച്ചപ്പോൾ ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് കൂടുതൽ ആഴങ്ങളിലേക്ക് പഠനം കൊണ്ടുപോകാൻ പാർട്ടിയെ പ്രേരിപ്പിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ പേരിൽ പട്ടികയിൽ ഇരട്ട വോട്ട് കടന്നുകൂടിയതും സി.പി.എം ഗൂഢാലോചനയുടെ ഭാഗമായാണ്. വിവാദമായാൽ ന്യായീകരിച്ചു പിടിച്ചു നിൽക്കാനായി അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ പേര് ഇത്തരത്തിൽ ഉൾപ്പെടണമെന്ന് സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഇരട്ട വോട്ട് ആർക്കൊക്കെയുണ്ടോ അെതല്ലാം റദ്ദാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കോൺഗ്രസുകാരുടെ പേരിൽ ഇരട്ടവോട്ടുണ്ടെന്ന് ആരോപിക്കുന്ന സി.പി.എം ഇതുവരെ അതിനെതിരെ പരാതി കൊടുക്കുകയോ വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനഹിതത്തെ അട്ടിമറിക്കാനായി ആളുകളെ പെരുപ്പിച്ചു കാണിച്ചും ഇല്ലാത്ത ആളുകളെ ഉൾപ്പെടുത്തിയും വോട്ടർ പട്ടികയുണ്ടാക്കുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണ്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ ശക്തമായ നടപടിയുണ്ടാവണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.