സ്വർണക്കടത്ത്, ലൈഫ് മിഷൻ: വിവാദ ചാനൽ ചർച്ചകളിൽ നിന്ന് സി.പി.എം വിട്ടുനിൽക്കും
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ വിവാദങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽനിന്നു വിട്ടുനിൽക്കാൻ സി.പി.എം തീരുമാനിച്ചെന്ന് റിപ്പോർട്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവത്തോടെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ വിലയിരുത്തലിന് പിന്നാലെയാണ് തീരുമാനം.
നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ചകൾ കമ്യൂണിസ്റ്റ് വിരുദ്ധത ചൂണ്ടിക്കാട്ടി സി.പി.എം ബഹിഷ്കരിച്ചിരുന്നു. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളിലെ സംവാദങ്ങളിൽ പാർട്ടി പ്രതിനിധികൾ തത്കാലം പങ്കെടുക്കില്ലെന്ന് എ.കെ.ജി സെന്‍ററില്‍ നിന്നും ചാനലുകളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ചാനലുകളിലെ മറ്റു ചർച്ചകളിൽ സി.പി.എം പങ്കെടുക്കും.
ചാനൽ ചർച്ചകൾക്കായി പ്രതിനിധികളെ എ.കെ.ജി സെന്‍ററിൽ നിന്നു നിയോഗിക്കുന്ന രീതിയാണ് സി.പി.എം പിന്തുടരുന്നത്. ഒരേ വിഷയം തന്നെ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് കോര്‍പ്പറേറ്റ് താത്പര്യങ്ങളാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. വികസനരംഗത്തെ സർക്കാരിന്‍റെ ശ്രമങ്ങൾക്ക് മാധ്യമങ്ങൾ പരിഗണന നൽകുന്നില്ലെന്നും ഈ സമീപനം തിരുത്തണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.