നടൻ ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി; ചോദ്യം ചെയ്യൽ മൂന്നു ദിവസം തുടരും
text_fieldsനടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപ്, സുരാജ്, അനൂപ് എന്നിവർ ഒരുമിച്ചാണ് എത്തിയത്. ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് മുതൽ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാൻ കോടതി അനുമതി നൽകിയിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കണമെന്നും എത്ര ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി സംവിധായകൻ ബാലചന്ദ്ര കുമാറിെൻറ മൊഴിയും ഡിജിറ്റൽ തെളിവുകളും സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരോടാണ് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഇത് നിരാകരിച്ച കോടതി, പ്രതികളെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്ന വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചു.
അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാവും ദിലീപിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുക. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായും ഇതിനായി ക്വട്ടേഷന്‍ നല്‍കിയതായുമുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.
സംവിധായകൻ ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള ചോദ്യംചെയ്യലാണ് ആദ്യം നടക്കുക. ഗൂഢാലോചന നടന്നതായി പറയുന്ന ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാശംങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപടക്കമുള്ള പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ തെളിവുകൾ ഉറപ്പിക്കാനാകുമെന്നും വ്യാഴാഴ്ച കോടതിക്ക് മുന്നിൽ ഇവ എത്തിക്കാനാകുമെന്നുമാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഗൂഢാലോചന നടന്ന ദിവസം ദിലീപിെൻറ വീട്ടില്‍ ബാലചന്ദ്രകുമാര്‍ കണ്ടയാൾ ദിലീപിെൻറ സുഹൃത്തായ ശരത്താണെന്ന് വ്യക്തമായിരുന്നെങ്കിലും ഇദ്ദേഹത്തെ ഇതുവരെ പ്രതിചേർത്തിട്ടില്ല.
ചോദ്യംചെയ്യലിന്‍റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്ച പ്രോസിക്യൂഷൻ കൈമാറണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.