തുറന്നടിച്ച് എം.എ. ബേബി: വാക്കും പ്രവൃത്തിയും തിരുത്തണം
text_fieldsതിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതാണെന്ന് തുറന്നുപറഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വാക്കും പ്രവൃത്തിയും ശൈലിയും പ്രശ്നമായെങ്കില്‍ അതു പരിശോധിക്കണം. നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ഒരു മാഗസിനിൽ എഴുതിയ ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ തലക്കെട്ടിലെ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിലെ വൻതിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ വിവിധ തലങ്ങളിൽ നടന്ന അവലോകനത്തിൽ ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വിമര്‍ശനമുയർന്നിരുന്നു. തിരുത്തിയേ തീരൂവെന്നായിരുന്നു പൊതുവായ വിമർശനം. മുകൾതട്ട് മുതൽ കാതലായ തിരുത്തലുകൾക്ക് കേന്ദ്ര കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് മുതിർന്ന നേതാവ് എം.എ. ബേബി രംഗത്തുവന്നത്. തിരുത്തൽ രേഖ തയാറാക്കുന്നതിനുള്ള സംസ്ഥാന സമിതി അടുത്തയാഴ്ച ചേരാനിരിക്കെ, മുൻമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ തോമസ് ഐസക് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പുകളിൽ സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു.
കേരളത്തില്‍പോലും സി.പി.എമ്മിൽനിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും ബി.ജെ.പി വോട്ട് ചോര്‍ത്തുന്നെന്നത് ഉത്കണ്ഠാജനകമാണെന്ന് ബേബി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാര്‍ലമെന്റിലുള്ളത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല, ബഹുജന സ്വാധീനത്തിൽ പാര്‍ട്ടിക്കുണ്ടായ ചോര്‍ച്ചയും പരിശോധിക്കണം.
തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളാതെ ഈ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കാനാകില്ല. സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയംവിമര്‍ശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജനസ്വാധീനം വീണ്ടെടുക്കാനാകൂ. ജനങ്ങളോട് പറയുന്നതുപോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണം. എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. വീഴ്ചകളും തെറ്റുകളും നിര്‍വ്യാജം തിരുത്തുന്നതില്‍ സങ്കോചമോ വിസമ്മതമോ പാടില്ലെന്നും ലേഖനത്തിൽ എം.എ. ബേബി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.