ഉപഭോക്താവിന് സ്വയം മീറ്റർ റീഡിങ് നടത്താം; പുതിയ ആപ് തയാർ
text_fieldsതിരുവനന്തപുരം: ഉപഭോക്താവിന് സ്വയം മീറ്റർ റീഡിങ് നടത്താനാവും വിധത്തിൽ മൊബൈൽ ആപ് അവതരിപ്പിച്ച് ജല അതോറിറ്റി. നവംബർ ഒന്നിന് പുതിയ സംവിധാനം നിലവിൽ വരും. പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഇൻസ്റ്റാൾ ചെയ്യാമെങ്കിലും ജല അതോറിറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റീഡിങ്ങിനുള്ള അനുമതി ഓൺലൈനായി നൽകുമ്പോഴാണ് ഉപഭോക്താവിന് റീഡിങ് നടത്താനാവുക.
എല്ലാ മാസവും നിശ്ചിത ദിവസങ്ങളിൽ ഇതിനുള്ള അനുമതി നൽകും. വിവരങ്ങൾ നൽകിയും മീറ്ററിന്റെ ഫോട്ടോ അടക്കം ഉൾപ്പെടുത്തിയുമാണ് റീഡിങ്. നടപടികൾ പൂർത്തിയാക്കുന്നതോടെ ബിൽ സംബന്ധിച്ച എസ്.എം.എസ് ഫോണിൽ ലഭിക്കും. എസ്.എം.എസിലെ ലിങ്ക് വഴി പ്രവേശിച്ചാൽ ബില്ല് ഓൺലൈനായി അടക്കാനുള്ള പോർട്ടലിലേക്കെത്താം, പേയ്മെന്റ് നടത്താം. ഇതിനുപുറെമ മീറ്റർ റീഡർ ആപ്പും തയാറാക്കിയിട്ടുണ്ട്.
കേരള സർക്കാർ സ്ഥാപനമായ കേരള െഡവലപ്മെന്റ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജിക് കൗൺസിലുമായി(കെ-ഡിസ്ക്) സഹകരിച്ചാണ് ആപ്പുകൾ ഒരുക്കിയിട്ടുള്ളത്. ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നവംബർ ആദ്യവാരം നിർവഹിക്കും.
മീറ്റർ റീഡർമാർക്കും ആപ്
ജലഅതോറിറ്റിയിലെ മീറ്റർ റീഡർമാർക്കായാണ് മീറ്റർ റീഡർ ആപ് തയാറാക്കിയിരിക്കുന്നത്. ആപ് മുഖേന മീറ്റർ റീഡർക്ക് റീഡിങ്ങുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് സെർവറിലേക്ക് ഉടനടി അയക്കാൻ കഴിയും. ഈ ആപ് ഉപയോഗിക്കുന്നതിലൂടെ മീറ്റർ റീഡിങ്ങുകൾ ബുക്കിൽ എഴുതിയെടുത്ത് ഓഫിസിൽ കൊണ്ടുവന്ന് പോസ്റ്റ് ചെയ്യുന്നതിലെ സമയനഷ്ടം ഒഴിവാക്കാം.
തെറ്റുവരാനുള്ള സാധ്യതയും കുറയും. ഉപഭോക്താവിന് ബില്ലുകൾ എസ്.എം.എസ് വഴി ലഭ്യമാക്കാനും ഉടനെ പണം അടക്കാനും സാധിക്കും. ഇതുകൂടാതെ മീറ്റർ ഡയലിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷൻ സൂക്ഷിക്കാനും സാധിക്കും. കൂടാതെ ജിയോ ടാഗ് ചെയ്ത റീഡിങ്ങിന്റെ ഫോട്ടോയും ലഭിക്കും. വാട്ടർ അതോറിറ്റി തിരുവനന്തപുരം സർക്കിളിനു കീഴിലെ പാളയം സെക്ഷനിൽ മീറ്റർ റീഡർ ആപ് ട്രയൽ റൺ നടത്തുകയും മീറ്റർ റീഡർമാർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.