അമ്മയെ പുറത്താക്കി മകൾ വീട് പൂട്ടി; അനുകൂല ഉത്തരവുണ്ടായിട്ടും നടപ്പാക്കാതെ പൊലീസ്
text_fieldsമരട്: അമ്മയെ സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കി മകൾ വീട് പൂട്ടി പോയതായി പരാതി. ട്രൈബ്യൂണലിൽ പോയി അനുകൂല ഉത്തരവ് നേടിയിട്ടും വയോധികയെ വീട്ടിൽ കയറ്റാതെ പൊലീസും മുങ്ങി. തൈക്കൂടം എ.കെ.ജി റോഡിൽ കരേപ്പറമ്പിൽ സരോജിനിയാണ് (78) പരാതിയുമായി ട്രൈബ്യൂണലിനെ സമീപിച്ചത്.
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനുള്ള ഫോർട്ട് കൊച്ചി മെയിന്റനൻസ് ട്രൈബ്യൂണലിലാണ് പരാതി നൽകിയത്. വീട് പൂട്ടിയതിനെ തുടർന്ന് വിധവയായ വയോധികക്ക് പൊതുപ്രവർത്തകരും നാട്ടുകാരുമാണ് താൽകാലിക താമസവും ഭക്ഷണവും ഒരുക്കി നൽകിയിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ വീട് തുറന്ന് സരോജിനിയെ സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ മരട് പൊലീസിന് ട്രൈബ്യൂണൽ ഉത്തരവും നൽകി. എന്നാൽ, ഇന്നലെ വൈകീട്ടോടെ ഉത്തരവുമായി വീട്ടിലെത്തിയ സരോജിനി പൊലീസിനെ അറിയിച്ചപ്പോൾ വീട് സന്ദർശിച്ച ശേഷം നാളെ തുറന്ന് തരാം എന്ന് പറഞ്ഞ് ഉത്തരവ് നടപ്പാക്കാതെ പൊലീസ് മടങ്ങിപ്പോകുകയായിരുന്നെന്ന് ഇവർ പറയുന്നു.
സരോജിനിക്ക് രണ്ട് പെൺമക്കളാണ്. ഭർത്താവ് പത്മനാഭൻ മരിച്ച ശേഷം മൂത്തമകൾ ജിജോയുടെ ഒപ്പം തൈക്കൂടത്താണ് സരോജിനി താമസിച്ചിരുന്നത്. ഇളയമകൾ സിജി പ്രസാദ് മാമംഗലത്താണ് താമസം. ഫെബ്രുവരി അഞ്ചിന് മകൾ അമ്മയെ പുറത്താക്കി വീട് പൂട്ടി പോയി എന്നാണ് പരാതി. ഭൂസ്വത്ത് വിറ്റ് രണ്ട് പെൺമക്കളെയും വിവാഹം കഴിപ്പിച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്ന അഞ്ച് സെന്റ് ഇരുവർക്കുമായി വീതിച്ച് ആധാരം ചെയ്ത് നൽകി.
ജീവിതകാലം മുഴുവൻ ഭക്ഷണവും താമസവും ഒരുക്കി നോക്കിക്കോളാം എന്ന വ്യവസ്ഥയിലാണ് മക്കൾക്ക് സ്വത്ത് നൽകിയതെന്ന് സരോജിനി ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞ് രാത്രിയോടെ എം.എൽ.എ ഉമാ തോമസും ഡിവിഷൻ കൗൺസിലർ മേഴ്സി ടീച്ചറും സ്ഥലത്തെത്തി. അവസാനം നാട്ടുകാർ പൂട്ട് തുറന്ന് സരോജിനിയെ അകത്തെത്തിച്ചു.
അതേ സമയം വയോധികയായ വീട്ടമ്മക്ക് അനുകൂലമായി ഉത്തരവ് ഉണ്ടായിട്ടും പൊലീസ് നടപ്പാക്കാതെ മടങ്ങിയത് എതിർകക്ഷികൾക്ക് കോടതിയിൽ പോയി സ്റ്റേ വാങ്ങാനുള്ള സമയം നൽകാൻ വേണ്ടിയാണെന്ന ആക്ഷേപവും നാട്ടുകാരുയർത്തി. ഉത്തരവ് നടപ്പാക്കാൻ എന്താണ് തടസ്സമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും പൊലീസിനില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, പനമ്പിള്ളി നഗറിലുള്ള മൂത്തമകളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ഇളയ മകൾ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.