ജോജു പ്രശ്നം ഒത്തുതീർപ്പിലേക്ക്; പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്ന് ഡി.സി.സി പ്രസിഡന്‍റ്
text_fieldsകൊച്ചി: നടൻ ജോജു ജോർജും കോൺഗ്രസ് നേതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്കെന്ന് സൂചന. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയതായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്ന പരിഹാര ചർച്ച നടന്നത്. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ഉണ്ടായത്. സമരത്തിന്‍റെ ഉദ്ദേശശുദ്ധി മനസ്സിലായെന്ന് ജോജുവിന്‍റെ സുഹൃത്തുക്കൾ അറിയിച്ചതായി മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം. തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്‍റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോർജ് ഇടപെടുകയും ചിലർ ജോജു ജോർജിന്‍റെ ആഡംബര കാർ അടിച്ചുതകർക്കുകയുമായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.