ഛത്തീസ്ഗഢിൽ സംസ്കരിച്ച മൃതദേഹങ്ങൾ വർഷങ്ങൾക്കുശേഷം നാട്ടിലെത്തിച്ചു
text_fieldsകൊട്ടാരക്കര: ഛത്തീസ്ഗഢിലെ കോർബ ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ച ബന്ധുക്കളായ മൂന്നുപേരുടെ മൃതദേഹങ്ങൾ വർഷങ്ങൾക്കുശേഷം പുറത്തെടുത്ത് നാട്ടിലെ വ്യത്യസ്ത പള്ളികളിൽ അടക്കം ചെയ്തു.
കൊല്ലം തേവലക്കര സ്വദേശികളായ സുനി കോശി, ഭർത്താവ് പി.എം. കോശി എന്നിവരുടെ ബന്ധുക്കളായ ചിന്നമ്മ മാത്യു, മാത്യു വൈദ്യൻ, സൂസി വർഗീസ് എന്നിവരുടെ മൃദേഹങ്ങളാണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്.
പലകാലങ്ങളിൽ മരിച്ച ഇവർക്ക് നാട്ടിലെ ഇടവകകളിൽ അന്ത്യവിശ്രമം ഒരുക്കണമെന്ന ബന്ധുക്കളുടെ മോഹമാണ് ഒടുവിൽ സാധ്യമായത്. 2014 ഒക്ടോബറിൽ ഛത്തീസ്ഗഢ് കോർബ പള്ളിയിൽ സംസ്കരിച്ച കോട്ടപ്പുറം പള്ളിവടക്കേതിൽ പരേതനായ സി. മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യുവിന്റെ മൃതദേഹാവശിഷ്ടം കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇനാഷ്വാഫ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ അടക്കി.
സുനി കോശിയുടെ മാതാവാണ് ചിന്നമ്മ മാത്യു. പി.എം. കോശിയുടെ പിതാവ് തേവലക്കര വാഴയിൽ പണിക്കോലിൽ മാത്യു വൈദ്യന്റെ മൃതദേഹാവശിഷ്ടം തേവലക്കര ഓർത്തഡോക്സ് പള്ളിയിൽ വൈകീട്ട് അടക്കം ചെയ്തു. 2001 ജനുവരി രണ്ടിനാണ് മാത്യു വൈദ്യൻ മരിച്ചത്. പി.എം. കോശിയുടെ സഹോദരൻ വർഗീസ് വൈദ്യന്റെ ഭാര്യ സൂസി വർഗീസ് 2008ൽ മരിച്ചപ്പോഴും കോർബ പള്ളിയിലാണ് സംസ്കരിച്ചത്. അവരുടെ മൃതദേഹാവശിഷ്ടം തേവലക്കര മാർ ആബോ ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു.
സുനി കോശിക്കും ഭർത്താവ് പി.എം. കോശിക്കും ഛത്തീസ്ഗഢിലെ കമ്പനിയിലായിരുന്നു ജോലി. ഇരുവരും ജോലിയിൽനിന്ന് വിരമിച്ച് തേവലക്കരയിൽ സ്ഥിരതാമസമാക്കിയപ്പോൾ ബന്ധുക്കളുടെ ഭൗതികാവശിഷ്ടങ്ങളും നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
കോർബോ ഓർത്തഡോക്സ് പള്ളിയിലെ സെമിത്തേരിയിൽനിന്ന് എ.ഡി.എമ്മിന്റെയും റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.