തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് മൃതദേഹം ആളുമാറി നൽകി സംസ്കരിച്ചു
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് മൃതദേഹം മോർച്ചറിയിൽനിന്ന് ആളുമാറി നൽകി സംസ്കരിച്ചു. വ്യാഴാഴ്ചയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. കോവിഡ് ബാധിച്ച് മരിച്ച കുമ്പളങ്ങാട്ട് താമസിക്കുന്ന, അറങ്ങാശ്ശേരി പരേതനായ കുരിയപ്പന്റെ മകൻ സെബാസ്റ്റ്യന്റെ (58) മൃതദേഹമാണ് ചേറ്റുവ സ്വദേശി സഹദേവന്റെ ബന്ധുക്കൾക്ക് മാറി നൽകിയത്.
ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന് സമീപത്തെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് മാറി നൽകിയത്. കോവിഡ് ഐ.സി.യുവിൽ വ്യാഴാഴ്ച പുലർച്ച രണ്ടിന് മരിച്ച സെബാസ്റ്റ്യന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ഉച്ചയോടെ പി.പി.ഇ കിറ്റ് ധരിച്ച് സ്വകാര്യ ആംബുലൻസുമായി എത്തി.
മണിക്കൂറുകളോളം വലഞ്ഞെങ്കിലും മൃതദേഹം കണ്ടുകിട്ടിയില്ല. തുടർന്ന് നടന്ന പരിശോധനയിലാണ് ആശുപത്രി ഫ്രീസറിലെ ചേറ്റുവ സ്വദേശി സഹദേവന്റെ മൃതദേഹം മാറി സെബാസ്റ്റ്യന്റെ മൃതദേഹമാണ് ബന്ധുക്കൾ കൊണ്ടുപോയതെന്ന് ബോധ്യപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ബന്ധപ്പെട്ടപ്പോൾ സെബാസ്റ്റ്യന്റെ മൃതദേഹം തീ കൊളുത്തി സംസ്കരിച്ചതായി ബന്ധുക്കൾ അറിയിച്ചു.
തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ ചേറ്റുവയിലെത്തി സെബാസ്റ്റ്യന്റെ മൃതദേഹം സംസ്കരിച്ച ചിതാഭസ്മം സഹദേവന്റെ ബന്ധുക്കളിൽനിന്ന് വാങ്ങി അവകാശികൾക്ക് കൊടുക്കുകയും സഹദേവന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. റാണിയാണ് സെബാസ്റ്റ്യന്റെ ഭാര്യ. മക്കൾ: ലോറൻസ്, ഷാജു. മരുമക്കൾ: ധന്യ, സ്റ്റെഫി.
രണ്ടുപേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറിപ്പോയ സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.