മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്നു
text_fieldsമരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്നു. മരണത്തിനുശേഷം ജീവിച്ചിരിക്കുന്നവർക്കായി സേവനം തുടരുകയാണവർ. ഒരു ശരീരത്തിന് ആയിരക്കണക്കിന് വിദ്യാർഥികളെ പഠിപ്പിക്കാനാകും. അതുവഴി ദശലക്ഷക്കണക്കിന് പേരുടെ രോഗങ്ങൾ ഭേദമാക്കാനും. മൃതദേഹം (കെഡാവർ) മെഡിക്കൽ പഠനത്തിന് കൈമാറുന്നത് പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യബിൽ മുഹമ്മദ് മുഹ്സിൻ കൊണ്ടുവന്നത് ആഗോളമായി അംഗീകരിച്ച ചില വസ്തുതകളുടെ വെളിച്ചത്തിലാണ്. അനാട്ടമി നിയമം നിലവിലുള്ള സാഹചര്യത്തിൽ പുതിയ നിയമം വേണ്ടെന്നുപറഞ്ഞ് സർക്കാർ ബിൽ തള്ളിയെങ്കിലും ഗൗരവപ്പെട്ട ചിന്തകൾക്കാണ് അത് വഴിവെച്ചത്.
മരണത്തിനുശേഷം പഠനത്തിന് ശരീരം നൽകിയവരുടെ കൂട്ടത്തിൽ സീതാറാം യെച്ചൂരിയുണ്ട്, എം.എം. ലോറൻസുണ്ട്. ആലത്തൂർ അംഗം കെ.ഡി. പ്രസേനന്റെ പിതാവ് ശരീരം മെഡിക്കൽ പഠനത്തിന് നൽകിയിരുന്നു. മാത്രമല്ല, പ്രസേനനും ഭാര്യയും അമ്മയും മെഡിക്കൽ പഠനത്തിന് ശരീരം നൽകാൻ സന്നദ്ധത അറിയിച്ചവരുമാണ്. പ്രസേനനെ അംഗങ്ങൾ ഡെസ്കിലടിച്ച് അഭിനന്ദിച്ചു. അദ്ദേഹം ഒരു മാതൃകയാണെന്ന് മുഹ്സിൻ. ഈ ബിൽ കൊണ്ടുവന്നതിന് മുഹ്സിനെ പ്രസേനനും അഭിനന്ദിച്ചു.
മതവിശ്വാസത്തിന്റെ പേരിൽ അവയവദാനത്തിനും മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിനും തയാറാകാത്ത സാഹചര്യം മതപണ്ഡിതരുമായി ചർച്ച നടത്തി ധാരണയുണ്ടാക്കണമെന്ന് ടി.വി. ഇബ്രാഹിം നിർദേശിച്ചു. മതവിശ്വാസങ്ങൾ മാനിക്കണമെന്നും വിവാദത്തിന് പോകേണ്ടതില്ലെന്നുമായിരുന്നു മുഹ്സിന്റെ നിലപാട്.
അനാട്ടമി ബിൽ 1957ൽ നിയമസഭ ചർച്ച ചെയ്തപ്പോൾ കെ.പി.ആർ. ഗോപാലൻ, സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ളവർ മതതാൽപര്യങ്ങൾ പരിഗണിക്കണമെന്ന നിലപാടാണെടുത്തത്. മതസങ്കൽപങ്ങളിൽനിന്ന് മനുഷ്യൻ മാറുന്നത് ആശുപത്രിക്കിടക്കയിൽ എത്തുമ്പോഴാണെന്ന് ഇ.കെ. വിജയന്റെ പക്ഷം. കെ.ടി. ജലീൽ, ചാണ്ടി ഉമ്മൻ, എൽദോസ് കുന്നപ്പള്ളി എന്നിവരൊക്കെ ചർച്ച സജീവമാക്കി. ബിൽ തുടർചർച്ചക്കായി മാറ്റി.
സ്വകാര്യബില്ലുകൾക്ക് നിയമസഭയിൽ തന്നെ അന്ത്യം സംഭവിക്കുന്ന പരിഭവമാണ് മിക്കപ്പോഴും. പ്രഫ. ജയരാജിന് ആ പരാതിയില്ല. അദ്ദേഹം കൊണ്ടു വന്ന ഗിഗ് തൊഴിലാളി ക്ഷേമ ബില്ലിന്റെ ചുവടുപിടിച്ച് സർക്കാർ ബിൽ തയാറാകുന്നുണ്ട്. പൊതുനിരത്തുകളുടെ പരിപാലനവും സംരക്ഷണവും സംബന്ധിച്ച ജി. സ്റ്റീഫന്റെ സ്വകാര്യബിൽ തുടർ ചർച്ചക്കായി മാറ്റി. കാവുകൾ സംരക്ഷിക്കാൻ അതോറിറ്റി നിർദേശിക്കുന്ന അനൂപ് ജേക്കബിന്റെ ബിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ ഉറപ്പിനെ തുറന്ന് പിൻവലിച്ചു.
പകരം നിയമം കൊണ്ടുവരും. കുറുക്കോളി മൊയ്തീന്റെ കാർഷിക ഉൽപന്നങ്ങൾക്ക് തറവില ഉറപ്പാക്കൽ ബിൽ, സി.എച്ച്. കുഞ്ഞമ്പുവിന്റെ ഹോട്ടലുകളുടെയും റസ്റ്റാറന്റുകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന ബിൽ, സജീവ് ജോസഫിന്റെ വിനോദസഞ്ചാര തൊഴിലാളി ക്ഷേമ നിധി ബിൽ എന്നിവ വീണ്ടും വിശദമായി ചർച്ച ചെയ്തു. ഇവ മൂന്നും വീണ്ടും ചർച്ച ചെയ്യാനായി മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.