നാട്ടുകാരുടെ കൊച്ചേട്ടൻ ഇനി ഓർമ
text_fieldsതാമരശ്ശേരി: മലയോരമേഖലയില്‍നിന്നുള്ള കര്‍ഷകനായ കൃഷിമന്ത്രിയായിരുന്നു നാട്ടുകാർ സ്നേഹപൂർവം കൊച്ചേട്ടൻ എന്ന് വിളിക്കുന്ന സിറിയക് ജോൺ. മണ്ണില്‍ വിയർപ്പൊഴുക്കിയ കര്‍ഷകനായ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. മന്ത്രിയായതോടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കൃഷിഭവനുകള്‍ക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ഇദ്ദേഹം ഓർമയാകുമ്പോള്‍ താമരശ്ശേരിക്കും കട്ടിപ്പാറക്കും മലയോരമേഖലകള്‍ക്കും ലഭിച്ച വികസന നേട്ടങ്ങള്‍ ഓരോന്നായി തെളിഞ്ഞു നില്ക്കുന്നു.
1951ല്‍ പാലായില്‍നിന്ന് താമരശ്ശേരിക്കടുത്ത കട്ടിപ്പാറയിലേക്ക് കുടിയേറിയ കുടുംബത്തിലെ 20കാരനായിരുന്നു സിറിയക് ജോണ്‍. 1964ല്‍ താമരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. ’70ല്‍ നിയമസഭയിലേക്ക് താമരശ്ശേരി ഉൾക്കൊള്ളുന്ന കല്പറ്റ നിയോജക മണ്ഡലത്തില്‍നിന്നും എം.എല്‍.എയായി. ’77ല്‍ തിരുവമ്പാടി നിയോജക മണ്ഡലം നിലവില്‍വന്നപ്പോള്‍ ഇവിടെനിന്നുള്ള ആദ്യ എം.എല്‍.എയായി. തുടര്‍ന്ന് രണ്ടുതവണ തിരുവമ്പാടിയെ പ്രതിനിധാനംചെയ്തു. ’82ല്‍ കെ. കരുണാകരന് മന്ത്രിസഭയില്‍ കൃഷി മന്ത്രിയായി.
തിരുവമ്പാടിയില്‍നിന്ന് ഇടതു സ്ഥാനാർഥിയായും മൂന്ന് തവണ അദ്ദേഹം ജനവിധി തേടി. തീര്‍ത്തും പിന്നാക്കമായിരുന്ന മലയോര കുടിയേറ്റ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം കൊണ്ടുവന്നത്. താമരശ്ശേരി റൂറല്‍ ജില്ല ട്രഷറി, ഡിവൈ.എസ്.പി ഓഫിസ്, പട്ടികജാതി, പട്ടിക വര്‍ഗ വികസന ഓഫിസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, കെ.എസ്.ആര്.ടിസി ഡിപ്പോ, കോടഞ്ചേരി ഗവ. കോളജ്, ജില്ല ട്രൈബല്‍ ഓഫിസ്, രജിസ്ട്രാര്‍ ഓഫിസ് എന്നിവ തുടങ്ങുന്നതിന് നേതൃത്വം നല്കി.
തലയാടിനെയും കട്ടിപ്പാറയെയും ബന്ധിപ്പിക്കുന്ന തുവ്വക്കടവ് പാലം, കട്ടിപ്പാറയിലെ ടെലിഫോണ്‍ എക്സ്ചേഞ്ച്, കല്ലുള്ളതോട് ഹോമിയോ ഡിസ്പെന്‍സറി, കട്ടിപ്പാറ മൃഗാശുപത്രി, ചമല്‍ ജി.എല്‍.പി സ്കൂള്‍ എന്നിവയും ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. ജന്മനാടായ കട്ടിപ്പാറയുടെ കൊച്ചേട്ടനെ 84ാം വയസ്സില്‍ കോണ്‍ഗ്രസ് കട്ടിപ്പാറ മണ്ഡലം കമ്മിറ്റി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.