മരണമണി മുഴക്കി കുടക്; ഇരകളിലേറെയും പണിയർ
text_fieldsവർഷങ്ങളായി വയനാട്ടിൽനിന്ന് വളരെയേറെ ആദിവാസികളെ കുടകിൽ ഇഞ്ചിയും വാഴയും കൃഷിചെയ്യുന്നതിനായി കൊണ്ടുപോകുന്നുണ്ട്. അതിൽ വിവിധ ചൂഷണങ്ങൾക്കും മരണത്തിനും ഇരയാകുന്നവരിൽ ഭൂരിഭാഗവും പണിയ സമുദായക്കാരാണ്. അധികംപേരും അവരുടെ ആവാസ സാഹചര്യത്തിൽനിന്ന് ആദ്യമായി വിട്ടുനിൽക്കുന്നവരാണ്. എവിടെ ജോലി ചെയ്യുന്നതെന്ന് അറിയാത്തവരുമാണ്. കൂടാതെ കുടകിലെ ഭാഷയും അറിയില്ല. ജോലിയുടെ വിശദാംശങ്ങൾ പലർക്കും കൃത്യമായി അറിയാറില്ല.
സംശയകരമായ മരണങ്ങൾ, പീഡനം, കഠിനാധ്വാനം, കീടനാശിനി ഉപയോഗിക്കുമ്പോൾ മുൻകരുതൽ ഇല്ലാത്തത്, അധികജോലി സമയം, കുറഞ്ഞ കൂലി, ബാലവേല, പോഷകാഹാര കുറവ്, രോഗത്തിന് കൃത്യമായ ചികിത്സയില്ലാത്തത്, മദ്യം ഉപയോഗം, പര്യാപ്തമല്ലാത്ത വാസസ്ഥലങ്ങൾ, ലൈംഗിക ചൂഷണം എന്നിങ്ങനെ വിവിധ പ്രശ്നങ്ങളാണ് കുടകിൽ ഇവർ നേരിടുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലുപേരാണ് ദുരൂഹ സാഹചര്യത്തിൽ കുടകിൽ മരിച്ചത്. 2005 മുതൽ ഇതുവരെ 200ഓളം ആദിവാസികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.
2007ൽ വയനാട് ജില്ല പൊലീസ് സൂപ്രണ്ട് എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ആദിവാസി തൊഴിലാളികളെ മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നത് രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാക്കിയിരുന്നു. ഈ ഉത്തരവ് വേണ്ടവിധത്തിൽ നടപ്പാക്കിയില്ല. ഈ സാഹചര്യത്തിൽ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ നീതി വേദിയും കേരള ആദിവാസി ഫോറവും ജനകീയ കോടതി രൂപവത്കരിച്ചു. സംഘടനയുടെ ഫീൽഡ് വർക്കർമാർ വയനാട്ടിലെ 122 ആദിവാസി കുടുംബങ്ങളുമായി നേരിട്ട് ചെന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അന്വേഷണത്തിൽ ഈ കുടുംബങ്ങളിൽ പലർക്കും ജീവൻ നഷ്ടപ്പെടുകയോ, ചൂഷണവും പീഡനവും കുടകിൽ നേരിടേണ്ടി വരുകയോ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. 122 കുടുംബങ്ങളിൽനിന്നുമാത്രമാണ് വിവര ശേഖരണം നടത്തിയത്. 122 കേസുകളിൽ 67 എണ്ണം സുൽത്താൻ ബത്തേരി താലൂക്കിലും 49 എണ്ണം മാനന്തവാടിയിലും ആറെണ്ണം വൈത്തിരി താലൂക്കിലുമാണ്.
മരിച്ചത് 99 പേർ
122 കേസുകളിൽ 99 ആളുകൾ കുടകിൽ പോയി മരിച്ചതായി കണ്ടെത്തി. ഇതിൽ 34 മരണം സംശയകരമായ സാഹചര്യത്തിലാണ്. 15 പേർ സ്വാഭാവികമായി മരിച്ചു. 36 പേർ തൊഴിൽപരമായ അസുഖത്തെ തുടർന്ന് മരിച്ചു. 14 പേരുടെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ഏഴുപേരെ കാണാതായി. 16 പേർ പീഡിപ്പിക്കപ്പെട്ട് വീട്ടിൽ തിരിച്ചെത്തി. കുടകിൽ പോയി വിവിധ ചൂഷണങ്ങൾക്ക് ഇരയായവരിൽ കൂടുതലും പണിയ സമുദായക്കാരാണ്. 81 പേരാണ് ചൂഷണങ്ങൾക്കും മരണത്തിനും ഇരയായത്. കാട്ടുനായ്ക്ക -25, എസ്.സി വിഭാഗം -1, കുറുമ - 6, അടിയ -9. ഇതിൽ 94 പേർ വിവാഹിതരും 26 പേർ അവിവാഹിതരും രണ്ടു കുട്ടികളുമാണുള്ളത്.
ആരോപിക്കപ്പെടുന്ന തരം മരണം
തൂങ്ങി മരണം - 4
തീപ്പൊള്ളൽ -1
മുങ്ങിമരണം -9
വൈദ്യുതാഘാതം - 2
ഗുരുതര രോഗങ്ങൾ മൂലം - 36
കർണാടകയിലെ ആശുപത്രിയിൽ മരിച്ചത് - 3
ജോലി സ്ഥലത്ത് മരിച്ചവർ - 23
വിഷം കഴിച്ചത് - 4
കൊലപാതകം -3
അറിയപ്പെടാത്തവ -14
അന്ന് സർവേയിൽ കണ്ടെത്തിയത്
1. കുടിയേറ്റ തൊഴിലാളിയാണെന്ന നിലയിൽ ആദിവാസികൾ വ്യാപകമായ തോതിൽ സംശയകരമായ സാഹചര്യത്തിലാണ് മരിക്കുന്നത്. അതിനാൽ ഓരോ സംഭവത്തിലും ശക്തമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്.
2. അയൽ സംസ്ഥാനങ്ങളിലെ തൊഴിലവസ്ഥ ഭയാനകവും ഭീതിജനകവുമാണ് ആദിവാസികൾക്ക്. അതോടൊപ്പം കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നവയാണ്. വ്യാജചാരായ വിതരണം, തൊഴിലാളി മർദനം, ലൈംഗിക ചൂഷണം എന്നിവ നടക്കുന്നു. അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമപ്രകാരം മിനിമം കൂലി നിർബന്ധമാണ്. പക്ഷേ നിയമം നടപ്പാക്കി കാണുന്നില്ല.
3. ഒരു ഏജന്റുപോലും ആദിവാസികളെ ഇതരസംസ്ഥാനത്തേക്കു കൊണ്ടുപോകുന്നതിനായി ലൈസൻസെടുത്തിട്ടില്ല. തൊഴിൽ ദായകർ അത്യാവശ്യമായ രേഖകൾ പോലും സൂക്ഷിക്കുന്നില്ല. ജില്ല ഭരണാധികാരികളോ പൊലീസ് ഉദ്യാഗസ്ഥരോ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സമ്പൂർണ അലസതയാണ് ഭരണകേന്ദ്രങ്ങളിൽനിന്ന് അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമങ്ങൾ നടപ്പാക്കുന്നതിൽ കണ്ടുവരുന്നത്.
4. അയൽ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന നിയമ ലംഘകർക്കെതിരെ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥർ ആദിവാസികളെ വിശ്വാസത്തിൽ എടുക്കുന്നുമില്ല.
5. സംശയകരമായ സാഹചര്യത്തിലുള്ള മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണ നടപടി സ്വീകരിക്കുന്നില്ല.
6. മതിയായ രേഖകളോ, രജിസ്റ്ററുകളോ, അന്തർ സംസ്ഥാന കുടിയേറ്റ തൊഴിൽ നിയമത്തിൽ നിർബന്ധമാണ്. എന്നാൽ, അവ ഇല്ലാത്തതിനാൽ തൊഴിൽ സമയത്ത് ഉണ്ടാകുന്ന പരിക്ക്, മരണം എന്നിവക്ക് നഷ്ടപരിഹാരത്തിന് ശ്രമിക്കാൻ കഴിയുന്നില്ല.
7. എല്ലാ കേസുകളിലും ആദിവാസികളോട് ചൂഷണം ഉണ്ടെന്ന് വ്യക്തമാണ്. അതിനാൽ 1989 ലെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം നടപ്പാക്കണം. 1989ലെ നിയമം അതിന്റെ യഥാർഥ സത്തയോടെ ഇത്തരം കുറ്റവാളികൾക്കെതിരെ പ്രയോഗിക്കേണ്ടത് അത്യാവശ്യമാണ്.
8. ഏത് വ്യക്തിയാണ് ആദിവാസികളെ സമീപ സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതെന്നോ കൊണ്ടുപോകപ്പെടുന്ന ആദിവാസികളുടെ വിവരങ്ങളോ എവിടെയുമില്ല. കൂടാതെ മരിച്ചവരുടെയോ, കാണാതായവരുടെയോ കുടുംബാംഗങ്ങളിൽ പലർക്കും അവർ എവിടെയാണ് ജോലിക്ക് പോയതെന്നോ ആരാണ് കൊണ്ടുപോയതെന്നോ അറിയില്ല. അതിനാൽ നഷ്ടപരിഹാര കേസ് കൊടുക്കാൻപോലും ബുദ്ധിമുട്ടാണ്.
9. മിക്ക കേസുകളിലും ശരിയായ രീതിയിലുള്ള പോസ്റ്റുമോർട്ടമോ മതിയായ രീതിയിലുള്ള അന്വേഷണമോ നടത്തുന്നില്ല. പോസ്റ്റുമോർട്ടത്തിന് മുമ്പായി ചികിത്സയെ സംബന്ധിച്ചോ മരണത്തെ സംബന്ധിച്ചോ ബന്ധുക്കൾക്ക് വിവരം നൽകുന്നില്ല. ഇത് നൽകുന്ന സൂചന പലരും മരിക്കുന്നത് സംശയകരമായ സാഹചര്യത്തിലാണെന്നാണ്.
10. തൊഴിലിന് പോകുന്നതിന് മുമ്പ് ഒരു രോഗവുമില്ലാത്തവർപോലും തിരിച്ചുവരുന്നത് മാരകരോഗികളായിട്ടാണ്. അവർ കേരളത്തിലെ ആശുപത്രികളിൽ മരിക്കുന്നതായ സംഭവങ്ങൾ ധാരാളമാണ്. തൊഴിൽ സാഹചര്യം ദുഃഖകരമാണ്. അതുപോലെ തന്നെ തൊഴിലാളികൾ അനാരോഗ്യകരവും സുരക്ഷിതവുമല്ലാത്ത സാഹചര്യത്തിലാണ് തൊഴിലെടുക്കണ്ടിവരുന്നത്. ആദിവാസികളെ കുടകിലേക്ക് കൊണ്ടുപോകുന്നവരാണ് നഷ്ടപരിഹാരം നൽകേണ്ടത്.
11. ശിശുക്ഷേമവകുപ്പിന്റെയും പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെയും ഉയർന്ന അവകാശ പ്രഖ്യാപനത്തിനിടയിലും തൊഴിൽ എടുക്കുന്നതിനായി കുടകിലേക്ക് പോയ രണ്ട് കുട്ടികൾ മരിച്ചു. ഇത് ബാലവേല ഇന്നും നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.
12. അധികം ദുരിതബാധിതരും പണിയ വിഭാഗത്തിൽപ്പെടുന്നവരാണ്. ബഹുഭൂരിപക്ഷം പണിയവിഭാഗക്കാർക്കും ഭൂമി ഇല്ലാത്തതിനാൽ അവർക്ക് ശാരീരിക അധ്വാനം മാത്രമാണ് ആശ്രയം. മറ്റു സംസ്ഥാനങ്ങളിൽ ക്രമമായി ജോലി ലഭിക്കുമെന്ന വാഗ്ദാനം അവരെ പെട്ടെന്ന് ആകർഷിക്കപ്പെടാൻ വഴിയൊരുക്കുന്നു.
കണക്കുകളിൽ തപ്പിത്തടഞ്ഞ് ഭരണകൂടം
കുടക് ഭൂവുടമകളുടെ തോട്ടങ്ങളിൽ പണിക്ക് പോയ നിരവധി പേരാണ് 2005 മുതലുള്ള കാലഘട്ടങ്ങളിൽ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടതും കാണാതായതും. എന്നാൽ, ഇതു സംബന്ധിച്ച് എത്ര പേർ മരിച്ചു, എത്ര പേരെ കാണാതായി എന്ന കൃത്യമായ കണക്കില്ലാതെ ഭരണകൂടം ഇരുട്ടിൽ തപ്പുകയാണ്. 2000 ജനുവരി ഒന്നു മുതൽ 2023 ജൂലൈ 15 വരെ (2000 മുതലുള്ള കണക്ക് ലഭ്യമല്ലെങ്കിൽ കുടക് മരണങ്ങൾ ആദ്യമായി റിപ്പോട്ട് ചെയ്തത് മുതൽ) വയനാട് ജില്ലയിൽനിന്ന് കുടകിൽ പണിക്ക് പോയി മരിക്കുകയോ കാണാതാവുകയോ ചെയ്ത ആദിവാസികളുടെ പേര്, വിലാസം തുടങ്ങിയവ വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കണമെന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ച മനുഷ്യാവകാശ പ്രവർത്തകനായ പി.പി. ഷാന്റോലാലിന് കർണാടകയിലെ കുടക് ജില്ലയിൽ പോയി മരിച്ചവരുടെ വിവരങ്ങൾ ഓഫിസിൽ ക്രോഡീകരിച്ച് രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ലെന്നാണ് സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫിസിൽനിന്ന് ലഭിച്ച മറുപടി.
2019 മുതൽ 2023 വരെ കുടകിൽ ജോലിക്ക് പോയി മരിച്ച 10പേരുടെ വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. അതുപോലെ ജില്ല ഐ.ടി.ഡി.പി ഓഫിസിൽ നിന്നും 2015 മുതൽ 2022 വരെ മരിച്ച ഏഴുപേരുടെ വിവരങ്ങളാണ് ലഭിച്ചത്. അതിൽ അഞ്ചുപേർ മരിച്ച വർഷവും രേഖപ്പെടുത്തിയിട്ടില്ല. ഒരാളെ 15 വർഷമായി കാണുന്നില്ല എന്നുമാണ് അറിയിച്ചിട്ടുള്ളത്. കുടകിൽ മരിച്ച മുഴുവൻ ആദിവാസികളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടും ഈ ഓഫിസിൽ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
ശിപാർശകൾ
എസ്.സി എസ്.ടി പീഡന നിയമപ്രകാരം മറ്റ് സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ ആദിവാസികളെ കൊണ്ടുപോകുന്നവർക്കെതിരെ മതിയായ രജിസ്ടേഷൻ നടത്തിയില്ലെങ്കിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പൊലീസിന് സർക്കാർ നിർദേശം നൽകണം. ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ എല്ലാ ആദിവാസികൾക്കും പങ്കാളികളാകുന്നതിനുള്ള അവസരം നൽകണം. അവർക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഒരുക്കിക്കൊടുക്കുകയും ആദിവാസികളുടെ കാര്യത്തിൽ ഒരുകുടുംബത്തിന് 100 തൊഴിൽ ദിനം മാത്രമെന്ന നിബന്ധന ഒഴിവാക്കുകയും വേണം. ഇവർ നിത്യതൊഴിലിനെ മാത്രം ആശ്രയിക്കുന്നവരായതുകൊണ്ട് അവർക്ക് അതത് ദിവസമോ ആഴ്ചയിലോ കൂലി നൽകുന്നതിനും പ്രത്യേകം വ്യവസ്ഥ ഉണ്ടാകണം. കുടിയേറ്റ തൊഴിലാളികൾ മരിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്ടപരിഹാരമായി നൽകണം.
പക്ഷേ, ഇതൊന്നും നടപ്പാക്കിയില്ലെന്ന് മാത്രമല്ല കുടകിൽ പോയി മരിക്കുകയും വിവിധ പീഡനത്തിന് ഇരകളാകുകയും ചെയ്യുന്ന ആദിവാസികളുടെ എണ്ണത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.