നാടിനെ ഞെട്ടിച്ച് എൻ.ഐ.ടി കാമ്പസിനകത്ത് ദമ്പതികളുടെ മരണം
text_fieldsചാത്തമംഗലം: എൻ.ഐ.ടി കാമ്പസിനകത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ ദുരന്തം നാടിനെ ഞെട്ടിച്ചു. സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യൻ കൊല്ലം മൈനാഗപ്പള്ളി തോട്ടുമുഖം കുന്നത്തുവീട്ടിൽ അജയകുമാറാണ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
ദുരന്തവാർത്ത കേട്ടാണ് നാടുണർന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അഗ്നിരക്ഷസേനയുടെയും പൊലീസിന്റെയും പ്രഥമ നിഗമനവും ഇതുതന്നെയായിരുന്നു. കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ഓടിരക്ഷപ്പെട്ട മകനാണ് മാമ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറോട് സത്യം പറഞ്ഞത്.
കെട്ടാങ്ങൽ 12ാം മൈലിലാണ് അജയകുമാറും കുടുംബവും താമസിച്ച ക്വാർട്ടേഴ്സ്. ഇതിനോട് ചേർന്ന് വേറെയും ക്വാർട്ടേഴ്സുകളുണ്ട്. ദമ്പതികളുടെ മകൻ അർജിത്തിന്റെ നിലവിളിയും ശബ്ദവും കേട്ടാണ് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ ഉണർന്നത്. വിളിച്ചുണർത്തിയില്ലായിരുന്നെങ്കിൽ സമീപ ക്വാർട്ടേഴ്സുകളിലേക്കും തീപടർന്ന് വലിയ അപകടത്തിനിടയാകുമായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടായിരുന്നു. അർജിത്ത് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഓടിരക്ഷപ്പെടുന്നതിനിടെ പിടികൂടാൻ അജയകുമാർ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് അർജിത്തിന് ചെറുതായി പൊള്ളലേറ്റത്.
സമീപവാസി വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തുമ്പോൾ ക്വാർട്ടേഴ്സിനുള്ളിൽ ഗ്യാസ് സിലിണ്ടറിനും വീട്ടുസാധനങ്ങൾക്കും തീപിടിച്ച് ആളിക്കത്തുകയായിരുന്നു. അയൽവാസികളും സെക്യൂരിറ്റി ജീവനക്കാരും എന്തുചെയ്യണമെന്നറിയാതെ ഭയവിഹ്വലരായി നിൽക്കുകയായിരുന്നു. അതികഠിനമായ ചൂടും പുകയും വകവെക്കാതെ ഉള്ളിൽ കയറിയ സേനാംഗങ്ങൾ ഗുരുതരമായി പൊള്ളലേറ്റു കിടക്കുന്ന ഇരുവരെയും അതിസാഹസികമായി പുറത്തെത്തിക്കുകയും എൻ.ഐ.ടിയുടെ ആംബുലൻസിൽ കയറ്റി എം.സി.എച്ചിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ, ഇരുവരെയും രക്ഷിക്കാനായില്ല.
കത്തി വീർത്തുകിടക്കുന്ന ഗ്യാസ് സിലിണ്ടർ തീകെടുത്തി പുറത്തെത്തിച്ചു അപകടാവസ്ഥ ഒഴിവാക്കിയതും സേനാംഗങ്ങളായിരുന്നു. അകത്തെ തീ പൂർണമായി അണക്കുകയും ചെയ്തു. വെള്ളിമാട്കുന്നിൽനിന്ന് ഒരു യൂനിറ്റും എത്തിയിരുന്നു.
രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷ സേനാംഗങ്ങളായ നാസർ, ഷൈബിൻ, അബ്ദുൽ ജലീൽ, അമീറുദ്ദീൻ, നിയാസ്, അജേഷ്, സിനീഷ് ചെറിയാൻ, ഷംജു, വിജയകുമാർ, ചാക്കോ ജോസഫ് എന്നിവർ പങ്കെടുത്തു. വെട്ടാനുപയോഗിച്ച കൊടുവാൾ പൊലീസ് വീടിനകത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. മരിച്ച അജയകുമാർ പൊതുവേ ശാന്തപ്രകൃതനാണ്. അയൽ ക്വാർട്ടേഴ്സിലുള്ളവരോട് ഇരുവരും അടുത്തിടപഴകിയിരുന്നു. ഭാര്യ ലിനി കോട്ടയം സ്വദേശിനിയാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം കഴിഞ്ഞ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എൻ.ഐ.ടി ക്വാർട്ടേഴ്സിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി
ചാത്തമംഗലം (കോഴിക്കോട്): എൻ.ഐ.ടി കാമ്പസിനകത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഭാര്യയെ ശ്വാസം മുട്ടിച്ചും വെട്ടിയും കൊലപ്പെടുത്തിയശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. എൻ.ഐ.ടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യൻ കൊല്ലം മൈനാഗപ്പള്ളി തോട്ടുമുഖം കുന്നത്തുവീട്ടിൽ അജയകുമാർ (56), ഭാര്യ ലിനി (48) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച നാലോടെ കാമ്പസിലെ ജി ടൈപ്പ് ക്വാർട്ടേഴ്സിലാണ് സംഭവം.
അടുക്കളയിലെ പാചക വാതക സിലിണ്ടർ മുറിയിലെത്തിച്ച് തുറന്നുവിട്ട ശേഷം അജയകുമാർ കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ ലിനിയെ ശ്വാസം മുട്ടിച്ചും കൊടുവാൾകൊണ്ട് വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങുകയായിരുന്ന മകൻ 13കാരനായ അർജിത്തിനെയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമമുണ്ടായി. എന്നാൽ, മകൻ മൂക്ക് പൊത്തിപ്പിടിച്ച് അനങ്ങാതെ കിടന്നാണ് രക്ഷപ്പെട്ടത്. തുടർന്ന് അജയകുമാർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. അജയകുമാർ സ്വയം തീകൊളുത്തിയപ്പോൾ മകൻ അടുക്കള വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മകന്റെ നിലവിളി കേട്ട് ഉണർന്ന സമീപ മുറികളിലുള്ളവരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചത്. മുക്കത്തുനിന്ന് സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദ്ദീൻ, അസി. സ്റ്റേഷൻ ഓഫിസർ ഗ്രേഡ് എം.സി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് ഫയർഫോഴ്സെത്തിയാണ് വീട്ടിലെ തീ അണച്ച് ഇരുവരെയും പുറത്തെത്തിച്ചത്. മുറിക്കകത്തെ വസ്തുക്കളെല്ലാം കത്തിനശിച്ചിട്ടുണ്ട്. സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമെന്നായിരുന്നു ആദ്യധാരണ. പിന്നീട് മകന്റെ മൊഴിയിൽനിന്നാണ് സംഭവം വ്യക്തമായത്. ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് സൂചനയുണ്ട്. ഓടിരക്ഷപ്പെടുന്നതിനിടെ മകന് ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൾ അഞ്ജന കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി.ആർക് വിദ്യാർഥിനിയാണ്. അവധി കഴിഞ്ഞ് ബുധനാഴ്ചയാണ് മകൾ കോളജിലേക്ക് മടങ്ങിയത്. അസിസ്റ്റന്റ് പൊലീസ് കമീഷണർ കെ. സുദർശൻ, പൊലീസ് ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മൽ, കുന്ദമംഗലം എസ്.ഐ അഷ്റഫ്, എസ്.ഐ അബ്ദുറഹിമാൻ തുടങ്ങിയവർ സ്ഥലത്തെത്തി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.