കർണാടകയിൽ ആദിവാസി യുവാവിന്റെ മരണം;ഒരുമാസമായിട്ടും കാരണമറിയാതെ കുടുംബം
text_fieldsകൽപറ്റ: വയനാട്ടിൽനിന്ന് കർണാടകയിലെ തോട്ടത്തിൽ പണിക്കുപോയ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഒരുമാസമാകാറായിട്ടും കാരണമറിയാതെ ആശങ്കയോടെ കുടുംബം.
തൃക്കൈപ്പറ്റ മുണ്ടുപ്പാറ പണിയ കോളനിയിലെ ബാബുവാണ് (37) മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് ഇതുവരെ നഞ്ചൻകോട് ആശുപത്രിയിൽ പോയി വാങ്ങാൻ സാധിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കാത്തതിനാൽ ബാബു മരിച്ചത് എങ്ങനെയാണെന്നുപോലും അറിയാൻ കഴിയാത്ത വേദനയിലാണ് കുടുംബം. വിവരങ്ങൾ അന്വേഷിക്കാനും മറ്റും സഹോദരി രാധ മാത്രമാണുള്ളത്. കോഴിക്കോട് ബേക്കറി ജീവനക്കാരിയായ രാധക്ക് അവധിക്ക് വരുമ്പോഴാണ് എന്തെങ്കിലും ചെയ്യാൻ കഴിയുന്നത്. ഡിസംബർ 21നാണ് ബാബു മരിച്ചതായി ബന്ധുക്കളെ ഫോൺ വിളിച്ചറിയിക്കുന്നത്.
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മീനങ്ങാടി സ്വദേശികളായ ഇഞ്ചി കർഷകരാണ് നഞ്ചൻകോട് ഇഞ്ചി തോട്ടത്തിൽ പണിക്ക് കൊണ്ടുപോയത്. 22ന് ബന്ധുക്കൾ കർണാടകയിൽ പോയി അന്വേഷിച്ചപ്പോൾ ബാബുവിനെ ഷെഡിൽ അനക്കമില്ലാതെ കിടക്കുന്ന അവസ്ഥയിൽ കണ്ടതിനെതുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുവെന്നാണ് അറിയിച്ചത്. 23നാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
എന്നാൽ, മൃതദേഹം കറുത്ത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കാരണം അന്വേഷിച്ചപ്പോൾ മൃതദേഹം സൂക്ഷിച്ച ഫ്രീസറിന്റെ സ്വിച്ച് ആശുപത്രി ജീവനക്കാർ ഓണാക്കാത്തതിനാൽ സംഭവിച്ച പിഴവാണെന്നാണ് പറഞ്ഞതെന്ന് രാധ പറഞ്ഞു.
ഉടമകളോ കൊണ്ടുപോയവരോ മൃതദേഹം കൊണ്ടുവരാനോ മറ്റു സഹായത്തിനോ എത്തിയിരുന്നില്ല. ഇഞ്ചിപ്പാടത്ത് കൊണ്ടുപോയയാളുടെ ഫോണിൽ വിളിക്കുമ്പോൾ ഭാര്യയാണ് എടുക്കുന്നതെന്നും ഭർത്താവിന്റെ നമ്പർ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നും പിന്നീട് വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥയാണെന്നും രാധ പറഞ്ഞു. ചെറുപ്പത്തിൽ മാതാവും പിതാവും നഷ്ടപ്പെട്ട രാധക്ക് ഏക ആശ്രയമായിരുന്നു സഹോദരൻ. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 24ന് രാധ മേപ്പാടി പൊലീസിൽ പരാതി നൽകിയിരുന്നു. ബാബുവിന് ഭാര്യയും എട്ടു വയസ്സുള്ള മകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.