തൃക്കരിപ്പൂരിലെ യുവാവിന്റെ മരണം സദാചാരക്കൊല; ആക്രമിച്ചത് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ
text_fieldsതൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ യുവാവിന്റെ മരണം സദാചാരക്കൊലയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. വയലോടിയിലെ മർണാടിയൻ പ്രിയേഷാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷഹബാസ് (22), മുഹമ്മദ് റഹ്നാസ് (23) എന്നിവരെയാണ് ചന്തേര സി.ഐ പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലയിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന സഫ് വാൻ (25) ഒളിവിലാണ്.
സംഭവത്തിൽ പൊലീസ് പറയുന്നത്: തീരദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ അസമയത്ത് എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിയേഷിനെ പിടികൂടിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സംഘം പൊറോപ്പാട്ടെ വയലിൽ യുവാവിനെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. മരക്കഷണങ്ങൾ കൊണ്ടും മറ്റും അടിയേറ്റ യുവാവ് സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം വയലോടിയിലെ വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
മറ്റു മൂന്നുപേർ കൂടി സംഭവത്തിൽ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. ഷഹബാസ് ബംഗളുരുവിൽ ഹോട്ടൽ ജീവനക്കാരനാണ്. റഹ്നാസ് മലേഷ്യയിൽ പ്രവാസിയാണ്. അടുത്തിടെയാണ് നാട്ടിലെത്തിയത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ, ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വെള്ളാപ്പ് വയലോടിയിൽ തിങ്കളാഴ്ച രാവിലെയാണ് പ്രിയേഷിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പാന്റ്സ് മാത്രം ധരിച്ച നിലയിൽ ബൈക്കിന് സമീപം കിടന്നിരുന്ന മൃതദേഹം ചെളിപുരണ്ട നിലയിലായിരുന്നു. ബൈക്കിൻ്റെ സീറ്റിൽ മധ്യഭാഗത്തും ചെളിയുണ്ടായിരുന്നു. രണ്ടുപേർ ചേർന്ന് ബൈക്കിൽ കൊണ്ടുവന്ന് കിടത്തിയതായി പൊലീസ് സംശയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.