പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ പിതൃസഹോദരന്‍റെ വധശിക്ഷ റദ്ദാക്കി
text_fieldsകൊച്ചി: അമ്മയുടെ കൺമുന്നിൽവെച്ച് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന്‍റെ വധശിക്ഷ ഒഴിവാക്കിയ ഹൈകോടതി, 30 വർഷം ഇളവില്ലാത്ത കഠിന തടവാക്കി മാറ്റി. പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ നടന്ന കൊലപാതകം അപൂർവങ്ങളിൽ അപൂർവമല്ലെന്ന് വിലയിരുത്തിയാണ് കീക്കൊഴൂർ മുറി മാടത്തേത്ത് തോമസ് ചാക്കോക്ക് (ഷിബു -50) പത്തനംതിട്ട അഡീ. സെഷൻസ് കോടതി വിധിച്ച വധശിക്ഷ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയത്.
സ്വത്തുതർക്കത്തെ തുടർന്ന് ഇളയ സഹോദരൻ മാത്യു ചാക്കോയുടെ (ഷൈബു) മക്കളായ മെൽബിൻ (ഏഴ്), മെബിൻ (മൂന്ന്) എന്നിവരെ ഇയാൾ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2013 ഒക്ടോബർ 27നായിരുന്നു സംഭവം. രാവിലെ ഏഴരയോടെ കുടുംബ വീട്ടിലെത്തിയ പ്രതി മുറ്റത്തുനിന്ന രണ്ടാം ക്ലാസുകാരൻ മെൽബിനെയാണ് ആദ്യം ആക്രമിച്ചത്. തടയാൻ ശ്രമിച്ച അമ്മ ബിന്ദുവിന്‍റെ കണ്ണിൽ മുളകുപൊടി വിതറി കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് വീടിനകത്തുണ്ടായിരുന്ന അംഗൻവാടി വിദ്യാർഥി മെബിനെയും കൊലപ്പെടുത്തി. തുടർന്ന്, കൈയിൽ കരുതിയിരുന്ന ഡീസൽ ഒഴിച്ച് വീടിന് തീവെച്ചു. ഇതിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
വിചാരണക്കോടതി വധശിക്ഷ വിധിച്ചാലും ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാവൂ. അനുമതി തേടിയുള്ള സർക്കാറിന്‍റെ ഹരജിയും പ്രതിയുടെ അപ്പീൽ ഹരജിയുമാണ് ഹൈകോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.