തീരുമാനം ദുഃഖകരം, അനിലിനെ ബി.ജെ.പി കറിവേപ്പില പോലെ വലിച്ചെറിയും -സഹോദരൻ അജിത് ആന്‍റണി
text_fieldsതിരുവനന്തപുരം: അനിൽ ആന്‍റണിയെ ബി.ജെ.പി കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി എടുത്തുകളയുമെന്നാണ് തന്‍റെ വിലയിരുത്തലെന്നും അക്കാര്യം അനില്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും സഹോദരൻ അജിത് ആന്‍റണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളി അനിലിനെ ദേഷ്യം പിടിപ്പിച്ചിരുന്നു. ദിവസവും ഫോണില്‍ വലിയ തെറിവിളി ആയിരുന്നു. അത് ഫീല്‍ ചെയ്തിരിക്കാം. എന്നാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അനില്‍ തെറ്റ് തിരുത്തി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പ് കോൺഗ്രസിൽനിന്ന് പോയ നേതാക്കളുടെ അനുഭവം കറിവേപ്പില ആയതിന്‍റേതാണ്. ഗുണം ഉണ്ടാകുമെന്ന് കരുതിയാണ് അനിൽ ബി.ജെ.പിയിൽ ചേർന്നത്. ഇവിടെനിന്നുപോയ ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം എന്നിവരെല്ലാം ഇതേ പ്രതീക്ഷയോടെയാണ് ബി.ജെ.പിയിലേക്ക് എത്തിയത്. താൽക്കാലികമായി അവരെ ഉപയോഗിച്ച ശേഷം ബി.ജെ.പി ഉപേക്ഷിക്കും. അനിലിന്റേത് തെറ്റായ തീരുമാനമാണ്. പെട്ടെന്ന് എടുത്ത തീരുമാനമായാണ് താൻ അതിനെ കാണുന്നത്. കോൺഗ്രസിൽനിന്ന് വേദനകൾ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ പാർട്ടിക്കെതിരെ സംസാരിച്ചത് വളരെ മോശമായിപ്പോയി.
എ.ഐ.സി.സി തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച് സംസാരിച്ചത് മുതൽ അനിലിന് പലഭാഗത്തുനിന്നും മോശപ്പെട്ട സന്ദേശങ്ങൾ ലഭിച്ചു. ബി.ബി.സി വിഷയത്തിൽ സംസാരിച്ചതിനുശേഷം വൃത്തികെട്ട രീതിയിലുള്ള സന്ദേശങ്ങളും ഫോൺവിളികളും വർധിച്ചു. കോണ്‍ഗ്രസില്‍നിന്ന് ആരാണ് അനിലിനെ തെറിവിളിച്ചതെന്ന് അറിയില്ല. പേക്ഷ ദിവസവും ചീത്ത കിട്ടുന്നുണ്ടായിരുന്നു.
മോദിയാണ് പ്രതീക്ഷയെന്നത് അനിലിന്റെ വിശ്വാസമാണ്. പക്ഷേ ഭാരത് ജോഡോ യാത്രക്ക് ശേഷം ജനങ്ങളുടെ ആ ചിന്താഗതി മാറിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ഒരുവസരം നൽകാമെന്ന് ജനങ്ങൾ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് ദേഷ്യപ്പെട്ട് അനിൽ മാറി നില്‍ക്കുമെന്നാണ് വിചാരിച്ചത്. ഇങ്ങനെയൊരു തീരുമാനമുണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. അനിലിന്‍റെ ബി.ജെ.പി പ്രവേശനം അച്ഛനെ ഏറെ ദുഃഖിതനാക്കിയെന്നും അജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.