കടുത്ത തോൽവി തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സി.പി.എം ഒരുക്കത്തെയും ബാധിച്ചു
text_fieldsകാസർകോട്: കടുത്ത തോൽവിയുടെ ആഘാതം സി.പി.എമ്മിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തെയും ബാധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞാലുടൻ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ സി.പി.എം അണികളോട് നിർദേശിച്ചിരുന്നു. വാർഡ് വിഭജനത്തിനും വോട്ടർ പട്ടിക പുതുക്കാനുമുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചതിനെ തുടർന്നാണിത്.
പുതിയ വാർഡുകളുടെ സ്കെച്ചുകൾ പാർട്ടിക്ക് അനുകൂലമാക്കാനുള്ള നിർദേശവും നേരത്തേ അണികൾക്ക് നൽകിയിരുന്നു. ഇതിന്റെ ആലോചനകൾ സി.പി.എം നടത്തിയത് വോട്ടെടുപ്പിനും വോട്ടെണ്ണലിനുമിടയിൽ ലഭിച്ച സമയത്താണ്. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് മുന്നോട്ടുനീങ്ങിയ അണികൾ കാസർകോടുപോലുള്ള മണ്ഡലങ്ങളിൽ പുതിയ എം.പിക്ക് സ്വീകരണ കേന്ദ്രങ്ങളും ഒരുക്കി.
ഇങ്ങനെ അണികൾ വലിയ ആവേശത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കാനിരുന്ന സമയത്താണ് കടുത്ത പരാജയത്തിന്റെ ആഘാതം കടന്നുവന്നത്. പാർട്ടിയുടെ ഉരുക്കുകോട്ടകൾ തകർത്ത വലിയ ഭൂരിപക്ഷത്തിന്റെ പരാജയങ്ങൾ രോഷത്തിന് കാരണമായി.
നേതൃത്വത്തോടുള്ള അതൃപ്തി ബ്രാഞ്ച് തലങ്ങളിലെ ഗ്രൂപ്പുകളിൽ ചൂടുപിടിച്ച് വോയിസ് ക്ലിപ്പുകളായും മെസേജുകളായും പുറത്തേക്കൊഴുകി. പത്തനംതിട്ടയിൽ ഏരിയ കമ്മിറ്റി അംഗംതന്നെ എതിർപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോഴും ഇ.പി. ജയരാജൻ മന്ത്രിയായിരിക്കെ ബന്ധുനിയമനം നടത്തിയപ്പോഴുമാണ് സി.പി.എമ്മിന്റെ അണികൾ അണപൊട്ടി പാർട്ടിയുടെ വേലിക്കുപുറത്തേക്ക് ചാടിയത്.
സമാനമായ പ്രതിഷേധമാണ് ഇപ്പോൾ അകത്ത് ഉരുണ്ടുകൂടിയിരിക്കുന്നത്. അതിനെ തടയാനുള്ള ശേഷി ഇപ്പോൾ നേതൃത്വത്തിനില്ല. പ്രതിഷേധത്തെ സ്വാഭാവിക പരിണതിക്ക് വിട്ടുകൊടുത്താൽ മാത്രമേ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പ്രവർത്തകരെ ഒരുക്കാനാകൂവെന്ന് പ്രമുഖ സി.പി.എം നേതാവ് മാധ്യമത്തോട് പ്രതികരിച്ചു.
ഏഴിനാണ് സി.പി.എം സംസ്ഥാന നേതൃയോഗം. അതുകഴിഞ്ഞ് താഴെത്തട്ടിലേക്ക് വിശദീകരണങ്ങളുമായി നേതാക്കൾ എത്തും. ബൂത്തുതലത്തിലായിരിക്കും അണികളുടെ രോഷം ശക്തമാവുക. അത് വേണ്ടത്ര അണപൊട്ടാൻ വിട്ടുകൊടുത്ത്, ബ്രാഞ്ചുതല പ്രവർത്തനത്തിലേക്ക് പാർട്ടി തിരികെയെത്തുമ്പോൾ പ്രശ്നം തീരുമെന്ന വിശ്വാസമാണ് നേതൃത്വത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.