തൃക്കാക്കരയിലെ എൽ.ഡി.എഫ് തോൽവി നേതാക്കൾ തമ്പടിച്ചത് സമ്മർദമായി
text_fieldsകൊച്ചി: ഉന്നത നേതാക്കളടക്കം കൂട്ടത്തോടെയെത്തി തമ്പടിച്ച് നടത്തിയ പ്രവർത്തനങ്ങൾ പ്രാദേശിക നേതാക്കളിലുണ്ടാക്കിയ മാനസിക സമ്മർദം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ദോഷകരമായി ബാധിച്ചതായി റിപ്പോർട്ട്.
പലപ്പോഴും പ്രാദേശിക നേതാക്കൾക്ക് മേൽ അമിതാധികാരം കാട്ടുന്ന വിധം ചില ഉന്നത നേതാക്കളിൽനിന്നുണ്ടായ ഇടപെടലുകൾ പരിധി ലംഘിക്കുന്നതായിരുന്നെന്നും പരാതികളുയർന്നിട്ടുണ്ട്. അസാധാരണമായ ഏതോ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന പ്രതീതി ഉണ്ടാക്കുന്ന കോലാഹലമാണ് നടന്നതെന്ന് സി.പി.എം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിൽനിന്ന് ഉന്നത സമിതികൾക്ക് റിപ്പോർട്ടുകൾ പോയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ വരും ദിവസങ്ങളിലുണ്ടാകും. മന്ത്രിമാരും പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുമടക്കമുള്ളവർ നേരിട്ട് വിളിച്ചുകൂട്ടി പ്രാദേശിക വിവരങ്ങൾ തേടുന്ന ഒട്ടേറെ യോഗങ്ങൾ മണ്ഡലത്തിൽ നടന്നിരുന്നു. ഇത്തരം യോഗങ്ങളിൽ വോട്ട് സംബന്ധിച്ച കൃത്യമായ കണക്കാണ് ആവശ്യപ്പെട്ടിരുന്നത്.
ഇത് പല പ്രാദേശിക നേതാക്കളെയും സമ്മർദത്തിലാക്കി. ഇതോടെ പ്രവർത്തനം പിന്നോട്ടടിക്കുന്ന അവസ്ഥ ഉണ്ടായി. മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗങ്ങളും ചിലയിടങ്ങളിൽ നടന്നു. സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിവരങ്ങൾ ആരാഞ്ഞ് പലവട്ടം പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടു. ഇതിന്‍റെയെല്ലാം സമ്മർദം പ്രാദേശിക നേതാക്കളിൽ പ്രകടമായിരുന്നു. മുഖ്യമന്ത്രി വിളിച്ച ലോക്കൽ കമ്മിറ്റി യോഗം നടത്തിപ്പിന് ചുമതലപ്പെട്ട ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി അതിസമ്മർദം സഹിക്കാനാകാതെ യോഗം നടക്കുന്ന ദിവസം അപ്രത്യക്ഷനായി.
മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗങ്ങളടക്കം നേതാക്കളും തമ്പടിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പലപ്പോഴും പ്രാദേശിക നേതാക്കളും പ്രവർത്തകരും അപ്രസക്തരായി. വോട്ടർമാരുമായി അടുത്ത ബന്ധമുള്ള ഇവർ പ്രദേശത്തിന്‍റെ സ്പന്ദനം അറിയാത്ത പുറത്തുനിന്നെത്തിയ നേതാക്കൾ തയാറാക്കുന്ന തന്ത്രങ്ങൾ നടപ്പാക്കുന്നവർ മാത്രമായി. ഉന്നത നേതാക്കളുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് പ്രാദേശിക നേതാക്കൾക്ക് കൂടുതലായി മുഴുകേണ്ടി വന്നതെന്ന ആരോപണത്തിൽ കഴമ്പില്ലാതില്ലെന്നാണ് ഒരു പ്രാദേശിക നേതാവ് പ്രതികരിച്ചത്. പ്രാദേശിക തെരഞ്ഞെടുപ്പ് സമിതികളുടെ ചുമതല പുറത്തുനിന്നെത്തിയ നേതാക്കളെ ഏൽപിച്ചത് ദോഷമാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കാലമാണെന്നതുപോലും വിസ്മരിച്ച് പ്രാദേശിക നേതാക്കൾക്കെതിരെ തട്ടിക്കയറിയ ഉന്നത നേതാക്കളുമുണ്ട്.
വോട്ടർമാരുടെ മനസ്സറിയാത്തവരെന്ന് ആക്ഷേപിച്ച് പ്രാദേശിക നേതാക്കൾക്ക് നേരെ മര്യാദയില്ലാതെ പെരുമാറിയ ചില നേതാക്കളെ നേതൃത്വം ഇടപെട്ട് തിരുത്തിച്ച സംഭവങ്ങളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.