ഗ്രീഷ്മയെ ക്രിമിനലാക്കിയത് ഷാരോണാണെന്ന് പ്രതിഭാഗം; മുറിക്കുള്ളിൽ സംഭവിച്ചത് ആർക്കുമറിയില്ല
text_fieldsതിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെയും മാതാവ് സിന്ധുവിനെയും അമ്മാവൻ നിർമൽകുമാറിനെയും നാല് ദിവസത്തെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് മൂവരെയും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.
ഏഴ് ദിവസം ഗ്രീഷ്മയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് രണ്ട് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ ഏഴ് ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പാറശ്ശാല പൊലീസിന്‍റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വിഷം കൊടുത്തു കൊന്നു എന്ന എഫ്.ഐ.ആർപോലും പൊലീസിന്‍റെ പക്കലില്ലെന്ന് ഗ്രീഷ്മക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്‍റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്‍റെ പക്കലുണ്ടായിരുന്നു. അതിനെക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നുകൂടി ചിന്തിക്കണം. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു.
പ്രതിഭാഗത്തിന്‍റെ വാദം തള്ളിയ കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ ക്രൈംബ്രാഞ്ചിന് വിട്ടുനൽകുകയായിരുന്നു. മുഴുവൻ തെളിവെടുപ്പും വിഡിയോയിൽ ചിത്രീകരിക്കാനും കോടതി നിർദേശം നല്‍കി. അട്ടക്കുളങ്ങര വനിത ജയിലിൽനിന്നാണ് ഗ്രീഷ്മയെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയിലെത്തിച്ചത്. ആത്മഹത്യ ശ്രമത്തെതുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ ദിവസമാണ് ജയിലിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.