മുതുകാടിന് സാംസ്കാരിക വകുപ്പ് നൽകിയത് കോടികൾ; തുക ചെലവഴിച്ചത് സംബന്ധിച്ച് പരിശോധനയില്ല
text_fieldsതൊടുപുഴ: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആർട്ട് സെന്ററിന് സാംസ്കാരിക വകുപ്പ് രണ്ടുകോടിയിലേറെ അനുവദിച്ചെന്ന് വിവരാവകാശ രേഖ. എന്നാൽ, പണം നൽകിയതല്ലാതെ തുക എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് ഒരു പരിശോധനയും നടത്താറില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.
മുതുകാടിന്റെ കീഴിൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക്കൽ സയൻസ് അക്കാദമി (മാജിക് പ്ലാനറ്റ്) എന്ന ഡിഫറന്റ് ആർട്ട് സെന്ററിന് (ഡി.എ.സി) ധനകാര്യ വകുപ്പ് 1.75 കോടി നൽകിയതിനു പുറമെയാണ് 2,06,25,000 രൂപ സംസ്കാരിക വകുപ്പും നൽകിയത്. 2019-20 മുതൽ 2023-24 സാമ്പത്തിക വർഷത്തിലെ ഡിസംബർ 14 വരെയുള്ള നാലര വർഷത്തെ കണക്കാണിത്.
2019-20ൽ 12.5 ലക്ഷവും 2020-21ൽ 50 ലക്ഷവും 2021-22ൽ 75 ലക്ഷവും 2022-23ൽ 50 ലക്ഷവും 2023-24ലെ ആദ്യപകുതിയിൽ 18.75 ലക്ഷവും സാംസ്കാരിക വകുപ്പ് ഡി.എ.സിക്ക് നൽകിയെന്നാണ് എറണാകുളം സ്വദേശി എ.കെ. ശിവദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.
വകുപ്പിൽനിന്ന് അനുവദിക്കുന്ന തുകക്കുള്ള ധനവിനിയോഗ സാക്ഷ്യപത്രം സ്ഥാപനം സമർപ്പിക്കാറുണ്ടെങ്കിലും പണം ചെലവഴിക്കുന്നത് സംബന്ധിച്ച പരിശോധന വകുപ്പ് നടത്തിയിട്ടില്ലെന്നും മറുപടിയിലുണ്ട്. മുതുകാടിന്റെ സ്ഥാപനത്തിനെതിരെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ ആരോപണങ്ങളുമായി രംഗത്തുവരുന്നതിനിടയിലാണ് ധനവകുപ്പിന് പുറമെ സാംസ്കാരിക വകുപ്പും ഡി.എ.സിക്ക് കോടികൾ നൽകിയ രേഖ പുറത്തുവരുന്നത്. 2020-21 മുതൽ 2022-23 വരെ സാമ്പത്തിക വർഷങ്ങളിൽ 1.75 കോടിയാണ് ധനകാര്യ വകുപ്പ് നൽകിയത്. ബജറ്റിൽ അനുവദിച്ച തുകയാണിത്. ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾക്കോ പ്രവർത്തനങ്ങൾക്കോ ബന്ധപ്പെട്ട നിർവഹണ വകുപ്പുകൾ ശിപാർശ സമർപ്പിക്കുകയും അതിനനുസൃതമായി ധനവകുപ്പ് വിഹിതം വകയിരുത്തുകയും ചെയ്യുന്ന നടപടിക്രമം പാലിക്കാതെയാണ് ഡി.എ.സിക്ക് തുക നൽകിയതെന്നും കഴക്കൂട്ടം സ്വദേശി വിജു സി. നൽകിയ വിവരാവകാശ മറുപടിയിൽ ധനവകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരിക്കെ അവക്കൊന്നും പണം നൽകാതെ ഗണ്യമായ തുക ഡേകെയർ മാത്രം നടത്തുന്ന മുതുകാടിന് നൽകുന്നത് ഉന്നത സ്വാധീനമുപയോഗിച്ചാണെന്ന് ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ ആരോപിക്കുന്നു.
എന്നാൽ, ബജറ്റിൽ അനുവദിച്ച തുകയുടെ ഓഡിറ്റ് റിപ്പോർട്ടുകൾ യഥാസമയം സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 27 വർഷത്തിനിടയിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഒരുരൂപ പോലും സ്ഥാപനത്തിൽനിന്ന് എടുത്തിട്ടില്ലെന്നും മറിച്ചാണെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും മുതുകാട് വിശദീകരിക്കുന്നു.
ഭിന്നശേഷിക്കാർക്കുള്ള സാധാരണ സ്കൂളല്ല താൻ നടത്തുന്നതെന്നും ഭിന്നശേഷിക്കാരിലെ കലാകാരന്മാർക്കായി നടത്തുന്ന കേന്ദ്രമാണെന്നും അതുകൊണ്ടാണ് എല്ലാവർക്കും പ്രവേശനം നൽകാത്തതെന്നും പ്രവേശനം കിട്ടാത്തവർ ദുരാരോപണം നടത്തുകയാണെന്നും മുതുകാട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.