ഭക്തരെ കബളിപ്പിച്ച് പണം തട്ടിയെന്ന്; ദേവസ്വം ജീവനക്കാരന് സസ്പെൻഷൻ
text_fieldsഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയിൽ ദേവസ്വം ജീവനക്കാരന് സസ്പെൻഷൻ. ദേവസ്വത്തിലെ അറ്റൻഡർ കോഴിക്കോട് സ്വദേശി ടി.വി. രവീന്ദ്രനെയാണ് ഭരണസമിതി യോഗം ചേർന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിനെന്ന പേരിൽ തമിഴ്നാട് സ്വദേശികളെ കബളിപ്പിച്ച് 4000 രൂപ തട്ടിയെടുത്തതായാണ് പരാതി. പ്രത്യേക ദർശനത്തിന് ഭക്തരിൽനിന്ന് പണം ഈടാക്കിയ ശേഷം നേരത്തേ ഉപയോഗിച്ച രശീതിയാണത്രെ ഇയാൾ നൽകിയത്. പ്രത്യേക ദർശനത്തിനുള്ള നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്ക് പ്രസാദം വിതരണം ചെയ്യുന്ന ജീവനക്കാരനാണ് രവീന്ദ്രൻ.
തമിഴ്നാട് സ്വദേശികൾ രശീതിയുമായി ദർശനത്തിന് എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്മാൻ തടഞ്ഞു. നേരത്തേ ഉപയോഗിച്ച രശീതിയാണെന്ന് കണ്ടാണ് തടഞ്ഞത്. തുടർന്ന് ഭക്തർ ക്ഷേത്രം മാനേജർക്ക് പരാതി നൽകി. ഇതേതുടർന്നാണ് വ്യാഴാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി രവീന്ദ്രനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.