നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഡി.ജി.പിയും ചീഫ് സെക്രട്ടറിയും മാറും
text_fieldsതിരുവനന്തപുരം: നിയമസഭ െതരഞ്ഞെടുപ്പിന് മുമ്പ് ഡി.ജി.പി ലോക്നാഥ് െബഹ്റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മാറുമെന്ന് വിവരം. െതരഞ്ഞെടുപ്പിന് മുമ്പ് ഡി.ജി.പിയെ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അനൗദ്യോഗികമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നടപടിയെടുത്തില്ല. ആ സാഹചര്യത്തിലാണ് ഡി.ജി.പിയെ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുന്നത്. ഇതുസംബന്ധിച്ച് ജനുവരി അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
ക്രമസമാധാന ചുമതലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റിയ ശേഷമാണ് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കേണ്ടതെന്നാണ് കീഴ്വഴക്കം. നിലവില്‍ ലോക്നാഥ് ബെഹ്റ ഡി.ജി.പി തസ്തികയിൽ മൂന്ന് വർഷം പിന്നിട്ടു. അടുത്ത ജൂൺ വരെ കാലാവധിയുമുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിലെ ക്രമസമാധാന ചുമതല ഉള്‍പ്പടെയുള്ളവ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് കൈമാറണമോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷന് പരിഗണിക്കുന്നത്. കീഴ്വഴക്കം ഉണ്ടെങ്കിലും സാധാരണഗതിയില്‍ പരാതി ഇല്ലാതെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റാറില്ല. െതരഞ്ഞെടുപ്പ് കാലത്ത് ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നല്‍കുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്താല്‍ ബെഹ്റക്ക് ക്രമസമാധാന ചുമതലയില്‍ ഇരുന്ന് വിരമിക്കാന്‍ സാധിക്കില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ചീഫ് സെക്രട്ടറിയും ചുമതലയേല്‍ക്കും. ഡോ. വിശ്വാസ് മേത്ത ഫെബ്രുവരിയിലാണ് വിരമിക്കുന്നത്. സീനിയോറിറ്റിയില്‍ മുന്നിലുള്ള ആനന്ദ് കുമാര്‍, അജയ് കുമാര്‍, ഇന്ദര്‍ജീത്ത് സിങ്, വി.പി. ജോയ് എന്നിവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇവർ എത്താതിരുന്നാൽ ടി.കെ. മനോജ് കുമാറിന് സാധ്യതയുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് കുമാറും വന്നില്ലെങ്കിൽ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് ചീഫ് സെക്രട്ടറിയാകും. 2022 ജൂണിലാണ് ടി.കെ. ജോസ് വിരമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.