പ്രവർത്തനം തുടങ്ങിയത് ആദിവാസികൾക്കിടയിൽ നിന്ന്; ചിരിപ്പിച്ച തിരുമേനിയുടെ വേറിട്ട ജീവിതം
text_fieldsമാർത്തോമ്മാ സഭയുടെ അങ്കോള മിഷൻ ഫീൽഡിൽ മിഷനറിയായാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പ്രവർത്തനം തുടങ്ങുന്നത്. ആദിവാസികളുടെയും മുക്കുവരുടെയും ഇടയിലായിരുന്നു സേവനം. കടലിൽ മീൻ പിടിക്കാൻ പോകുകയും അവരിൽ ഒരുവനായി ജീവിക്കുകയും ചെയ്തു. അവരെ പഠിപ്പിച്ചും അവരിൽ നിന്നു പഠിച്ചുമാണ് തിരുമേനിയുടെ വൈദിക ജീവിതം രൂപപ്പെടുത്തുന്നത്.
അടിസ്ഥാന വർഗത്തിന്‍റെ ജീവിതം അറിയാനായി പല പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ വൈദികനായിരിക്കെ ജോലാർപേട്ട് റെയിൽവെ സ്റ്റേഷനിൽ പോർട്ടറായി പണിയെടുക്കുക വരെ ചെയ്തു. മദ്യത്തിനടിപ്പെട്ട തൊഴിലാളികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്‍റെ ഭാഗമായിരുന്നു അത്.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപേ മാർ ക്രിസോസ്റ്റത്തിനു ബിരുദം കിട്ടിയിരുന്നു. ബ്രിട്ടീഷ് സർക്കാരിലെ ഉയർന്ന ജോലിയേക്കാൾ ക്രിസോസ്റ്റം ആഗ്രഹിച്ചത് ഗോപാലകൃഷ്ണ ഗോഖലയുടെ ഭാരത സേവാ സംഘത്തിൽ ചേരാനായിരുന്നു. എന്നാൽ, മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമാകാനായിരുന്നു നിയോഗം.
ചിരിപ്പിക്കുന്ന തിരുമേനി എന്നാണ് മാർ ക്രിസോസ്റ്റത്തെ എല്ലാവരും വിളിച്ചത്. തമാശകൾ പറഞ്ഞും പറയിച്ചും ഏത് സാഹചര്യത്തിന്‍റെയും പിരിമുറുക്കം അദ്ദേഹം അലിയിച്ചില്ലാതാക്കി. സഭാ വിശ്വാസികളല്ലാത്തവർക്കിടയിലും പൊതുവേദികളിലും പരിചിതനായി മാറുകയും ചെയ്തു മാർ ക്രിസോസ്റ്റം.
പ്രായമേറയായിട്ടും പ്രവർത്തന രംഗത്ത് തുടരുന്നതിനെ കുറിച്ചും തന്‍റെ പ്രായത്തെ കുറിച്ചും അദ്ദേഹത്തിന്‍റെ നർമം ഏറെ പ്രശസ്തമാണ്. മറ്റുള്ളവർ 60-70 വയസിൽ ചെയ്ത് തീർക്കുന്നത് തനിക്ക് ചെയ്യാൻ 100 വർഷമെങ്കിലും വേണ്ടി വരുമെന്നായിരുന്നു അതേ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നർമം.
രാഷ്ട്രീയ-മത നേതാക്കളുമായെല്ലാം നല്ല ബന്ധം സൂക്ഷിക്കുന്നതിലും അദ്ദേഹം ഏറെ മുന്നിലായിരുന്നു. നരേന്ദ്ര മോദി, സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവരുമായെല്ലാം ബന്ധം സൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
ഊണു കഴിച്ചു കഴിഞ്ഞാൽ മധുരം നുണയാനായി ഒരു നാരങ്ങാ മിഠായിയെങ്കിലും വേണമെന്നുണ്ടായിരുന്നു മാർ ക്രിസോസ്റ്റം തിരുമേനിക്ക്. അറിഞ്ഞവർക്കും ഇടപഴകിയവർക്കുമെല്ലാം നാരങ്ങാ മിഠായി പോലെ ഒരിക്കലും മറക്കാത്ത മധുരം സമ്മാനിച്ചാണ് അദ്ദേഹം യാത്രയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.