ഡിജിറ്റൽ ഭൂ സർവേ വേഗം പൂർത്തിയാക്കും
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ ഭൂ സർവേ വേഗം പൂർത്തിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് 1500 സർവേയർമാരെയും 3200 സഹായികളെയും അടിയന്തരമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കും. സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീ സർവേയാണ് നടക്കുന്നത്. ഒന്നാം ഘട്ടം വേഗത്തിൽ നടപ്പാക്കാനാണ് ഇത്രയും ജീവനക്കാരെ നിയമിക്കുന്നത്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാകും നിയമനം.
തടവുകാരുടെ മോചനത്തിൽ കൂടുതൽ പരിശോധന നടത്തും. 14 വർഷം പൂർത്തിയായ 67 തടവുകാരെ വിട്ടയക്കാനാണ് ശിപാർശ വന്നത്. കൂടുതൽ പരിശോധിക്കാനായി ഇത് മാറ്റി. ഓരോരുത്തരെയും കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിലയിരുത്തൽ നടക്കും. 14 വർഷം തടവ് പൂർത്തിയായിട്ടും വിടുതൽ അപേക്ഷ നൽകാത്തവർ ഉൾപ്പെടെയുള്ള തടവുകാരാണ് ഇതിൽ ഉൾപ്പെടുന്നത്.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിലെ യു.ജി.സി സ്കീമിൽപെടുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കും. കുടിശ്ശിക കാര്യം പിന്നീട് തീരുമാനിക്കും. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ശമ്പള പരിഷ്കരണം. പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിലെ നിബന്ധനകൾ പ്രകാരമായിരിക്കും പരിഷ്കരണം.
പാലക്കാട് ജില്ലയിലെ അഗളി വില്ലേജിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള അഞ്ചേക്കർ സ്ഥലം മില്ലറ്റ് ഫാം തുടങ്ങാൻ കൃഷി വകുപ്പിന് കൈമാറും. ഭൂമിയുടെ ഉടമാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി നിബന്ധനകൾക്ക് വിധേയമായാണ് കൈമാറുക. തിരുവനന്തപുരം കടകംപള്ളി വില്ലേജിൽ കടൽ പുറമ്പോക്കിൽ താമസിച്ചു വരികെ 2018 ലെ പ്രളയത്തിൽ പൂർണമായും വീട് തകർന്ന ലൂർദ്ദിന് രണ്ട് സെന്‍റ് സ്ഥലവും വീടും വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 7,04,900 രൂപ അനുവദിച്ചു.
അത്യാധുനിക ഡേറ്റ സെന്‍ററിന് 25 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് അത്യാധുനിക ഡേറ്റ സെന്‍റർ ആരംഭിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഡിജിറ്റൽ സയൻസ് സർവകലാശാലയുടെ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി കാമ്പസിൽ സ്റ്റേറ്റ് ഡേറ്റ സെന്‍റർ വിത്ത് ഹൈബ്രിഡ് ക്ലൗഡ് കോംപാറ്റിബിൾ ആൻഡ് ഹൈപ്പർ കൺവേർജ്ഡ് ഇൻഫ്രാസ്ട്രക്ചറാണ് 25 കോടി രൂപ ചെലവിൽ ഇത് സ്ഥാപിക്കുക. പ്രാഥമിക ആവശ്യത്തിനുള്ള ഏഴ് കോടി രൂപ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചറിന്‍റെ കീഴിലുള്ള സ്കിൽ ഡെലിവറി പ്ലാറ്റ്ഫോമിൽനിന്ന് ഐ.ടി മിഷന് അനുവദിക്കും.
സിൽവർലൈനും ബസ് ചാർജ് വർധനയും മന്ത്രിസഭയിൽ ചർച്ചയായില്ല
തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടവെ വിഷയം മന്ത്രിസഭയിൽ ചർച്ചയായില്ല. കല്ലിടലിനെ പ്രതിരോധിക്കാൻ പ്രതിപക്ഷ കക്ഷികളും റെയിൽ കടന്നുപോകുന്ന ഭാഗത്തെ ജനങ്ങളും രംഗത്തുണ്ട്. രാഷ്ട്രീയമായും ഭരണപരമായും ഇതിനെ പ്രതിരോധിക്കാൻ സർക്കാറും ഇടതുകക്ഷികളും രംഗത്ത് വന്നിട്ടുണ്ട്.
ബസ് ചാർജ് വർധന നിർദേശവും മന്ത്രിസഭ ചർച്ച ചെയ്തില്ല. ഇടതുമുന്നണി യോഗം രാഷ്ട്രീയ തീരുമാനം എടുത്തശേഷമാകും യാത്രാനിരക്ക് മന്ത്രിസഭയുടെ പരിഗണനയിൽ വരിക. ബസ് ചാർജ് വർധിപ്പിക്കുന്ന നിർദേശങ്ങൾ ഗതാഗത മന്ത്രി ആന്‍റണി രാജു മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഓട്ടോ, ടാക്സി നിരക്ക് വർധന നിർദേശവും സർക്കാറിന് ലഭിച്ചിട്ടുണ്ട്. ലോകായുക്തയുടെ അധികാരം കുറച്ച ഓർഡിനൻസ് അടക്കം വീണ്ടും പുറപ്പെടുവിക്കുന്ന വിഷയവും പരിഗണനയിലെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.