കടമുറി പഠനമുറിയായി; 75ാംവയസിൽ സുധാകരൻ ബിരുദ വിദ്യാർഥിയാകാൻ ഒരുങ്ങുന്നു
text_fieldsപോത്തൻകോട്: 75ാം വയസ്സിലും ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുകയാണ് സുധാകരൻ. പോത്തൻകോട് മരുതുംമൂട് സ്വദേശിയായ ഇദ്ദേഹം 2020 കോവിഡ് കാലത്ത് സാക്ഷരത മിഷൻ വഴി ഓൺലൈനിലൂടെയാണ് പഠനം തുടങ്ങിയത്. 2021ൽ മികച്ച മാർക്കോടെ തുല്യത പരീക്ഷയിൽ പത്താംക്ലാസ് പാസായി. അന്ന് ആ പരീക്ഷയിലും ഏറ്റവും പ്രായം കൂടിയയാൾ സുധാകരൻതന്നെ ആയിരുന്നു.
തുടർന്ന് കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസിലും നെടുമങ്ങാട് ഗവൺമെന്റ് ഗേൾസിലും ഞായറാഴ്ചകളിലുള്ള പഠനത്തിലൂടെ മികച്ച മാർക്ക് നേടി പ്ലസ് ടു പാസായി. ഇപ്പോൾ ബിരുദ പഠനത്തിനായി ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
നിയമത്തിൽ ബിരുദം സ്വന്തമാക്കണമെന്നാണ് സുധാകരന്റെ ആഗ്രഹം. പണമില്ലാത്തതിനാൽ ചെറുപ്പത്തിൽ പഠിക്കാൻ കഴിയാത്തതിന്റെ നിരാശ മറികടക്കാനാണ് ഈ പ്രായത്തിൽ അദ്ദേഹം കഠിനപ്രയത്നം നടത്തുന്നത്.
ചെറുപ്പത്തിൽ തയ്യൽ പഠനശേഷം 1975 മുതൽ 20 വർഷം വിദേശത്ത് ജോലി ചെയ്തു. ഭാര്യ കെ. ഓമനയുടെയും മക്കൾ സജിലാൽ, സാബുലാൽ, സീന എന്നിവരുടെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് പഠിക്കാൻ പ്രചോദനമായത്. വീടിനോട് ചേർന്നുള്ള കടമുറിയാണ് ഇപ്പോൾ സുധാകരന്റെ പഠനമുറി. സി.പി.എം പന്തലക്കോട് ബ്രാഞ്ച് അംഗമായ സുധാകരൻ 1981ൽ കോടിയേരി ബാലകൃഷ്ണനൊപ്പം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.