ലഹരിക്കടിമയാക്കി സഹപാഠി പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
text_fieldsകണ്ണൂർ: സഹപാഠി മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയ ഒമ്പതാം ക്ലാസുകാരിയുടെ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിൽ അറസ്റ്റിലായ ഒമ്പതാം ക്ലാസുകാരൻ ഇത്തരത്തിൽ മയക്കുമരുന്ന് നൽകി 11 പെൺകുട്ടികളെ പീഡിപ്പിച്ചത് അറിയാമെന്നാണ് ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ. കണ്ണൂർ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘം സ്കൂൾ കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെ വിവരങ്ങൾ രക്ഷിതാക്കളെ ഞെട്ടിക്കുന്നതാണ്.
ഒമ്പതാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിവരങ്ങൾ പുറംലോകമറിഞ്ഞത്. മകളെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ച സാഹചര്യം അന്വേഷിച്ച രക്ഷിതാക്കൾക്ക് മകളുടെ ഫോണിൽനിന്ന് ചില സൂചനകൾ ലഭിച്ചു. ഇൻസ്റ്റഗ്രാം ചാറ്റുകളും വിഡിയോകളും പൊലീസിന് കൈമാറി. അതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പെൺകുട്ടിയുടെ അതേ സ്കൂളിൽ അതേ ക്ലാസിൽ പഠിക്കുന്ന 16കാരനിലാണ് എത്തിയത്. 16കാരൻ സഹപാഠിയായ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ചൂഷണം ചെയ്തതിന്റെ തെളിവുകൾ ഇരുവരുടെയും ഫോണുകളിൽനിന്ന് പൊലീസിന് ലഭിച്ചു. പെൺകുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത 16കാരൻ മയക്കുമരുന്ന് നൽകി ലഹരിക്ക് അടിമയാക്കുകയായിരുന്നു. പയ്യാമ്പലം, തോട്ടട, മുഴപ്പിലങ്ങാട് ബീച്ചുകളിൽ കൊണ്ടുപോയി ചൂഷണം ചെയ്തെന്ന് പൊലീസ് കൗൺസലിങ്ങിന് വിധേയമാക്കിയപ്പോൾ പെൺകുട്ടി തുറന്നുപറഞ്ഞു.
16കാരനെ അറസ്റ്റ് ചെയ്ത പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. ബോർഡ് ജാമ്യം അനുവദിച്ച 16കാരൻ രക്ഷിതാക്കൾക്കൊപ്പമാണ്. പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി നിലവിൽ ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയിലാണ്. ഒമ്പതാം ക്ലാസുകാരിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ച വിവരം പുറത്തുവന്നതും സമാനമായ കൂടുതൽ സംഭവങ്ങളുണ്ടെന്ന ഇരയുടെ വെളിപ്പെടുത്തലും രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് മാഫിയക്കെതിരെ പൊലീസ് വ്യാപക അന്വേഷണം തുടങ്ങിയിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിലുണ്ട്. എ.സി.പി ടി.കെ. രത്നകുമാറിനാണ് അന്വേഷണ ചുമതല.
'മയക്കുമരുന്ന് നൽകിയത് ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ച്'
ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ആദ്യമായി ലഹരിമരുന്ന് നൽകിയതെന്ന് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ട്. പ്രണയം നടിച്ച് അടുത്ത 16കാരൻ തന്നെ പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മയക്കുമരുന്ന് നൽകി നഗ്നവിഡിയോ പകർത്തി. മരുന്ന് ഉപയോഗിക്കാൻ വിസമ്മതിച്ചപ്പോൾ മർദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. മയക്കുമരുന്ന് ലഹരിയില് ശാരീരികമായി നിരവധി തവണ ഉപദ്രവിച്ചിട്ടുണ്ട്. ആദ്യം സൗജന്യമായാണ് മയക്കുമരുന്ന് നൽകിയത്. പിന്നീട് ലഹരിക്കടിമയായതോടെ പണം ആവശ്യപ്പെട്ടു. വീട്ടിലുള്ളപ്പോഴും ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കും.
എതിർത്താൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തും. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് കൈമാറുന്നത്. സംഭവത്തിനുപിന്നിൽ മുതിർന്ന ആൺകുട്ടികളുമുണ്ട്. കണ്ണൂർ ടൗണിൽനിന്ന് തന്നെയാണ് 16കാരന് മിക്കപ്പോഴും മയക്കുമരുന്ന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.