ഐ.എൻ.എൽ ചർച്ച കാന്തപുരം ഏറ്റെടുത്തു
text_fieldsകോഴിക്കോട്: ഐ.എൻ.എൽ അനുരഞ്ജന ദൗത്യത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേരിട്ട് രംഗത്ത്. നേരത്തേ, മകൻ അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിവെച്ച ദൗത്യമാണ് കാന്തപുരം നേരിട്ട് ഏറ്റെടുത്തത്. ഇടഞ്ഞുനിൽക്കുന്ന ഇരുപക്ഷവുമായും അദ്ദേഹം ചർച്ച തുടങ്ങി. കാസിം പക്ഷം നിരന്തരം നടത്തുന്ന അച്ചടക്ക നടപടികൾ അവസാനിപ്പിക്കണമെന്നും ഇതിനകം നടപടി സ്വീകരിച്ച് പുറത്തിരുത്തിയവരെ തിരിച്ചെടുക്കണമെന്നുമാണ് വഹാബ് പക്ഷത്തിെൻറ പ്രധാന ആവശ്യം.
എ.പി. അബ്ദുൽവഹാബിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് തിരിച്ചെടുത്തതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്. ഏകപക്ഷീയമായി മെംബർഷിപ് കാമ്പയിൻ നടത്തരുതെന്ന നിർദേശവും അവർ മുന്നോട്ടുവെച്ചു.അതേസമയം, വഹാബിനെ തിരിച്ചുകൊണ്ടുവരുന്നതിൽ വിരോധമില്ലെന്നും എന്നാൽ പാർട്ടിയിൽ വിഭാഗീയതയും പ്രശ്നങ്ങളും സൃഷ്ടിക്കുന്ന മറ്റു ചിലരുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമുള്ള നിലപാടിലാണ് കാസിം പക്ഷം. എറണാകുളം യോഗത്തിനിടെ സംഘർഷമുണ്ടാക്കിയവരെ തിരികെയെടുക്കാനാവില്ല.
മെമ്പർഷിപ് കാമ്പയിൻ സുതാര്യമാക്കുക, അച്ചടക്ക നടപടി സ്വീകരിച്ചവരെ തിരിച്ചെടുക്കുക എന്നീ വിഷയങ്ങളിലാണ് തീരുമാനമെടുക്കാനുള്ളത്.ഇക്കാര്യത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നിർദേശം ഇരുവിഭാഗവും സ്വീകരിക്കുമെന്നാണ് സൂചന. സി.പി.എമ്മിെൻറ കൂടി നിർദേശപ്രകാരമാണ് കാന്തപുരത്തിെൻറ ഇടപെടൽ. ചർച്ചയുടെ ഗതി സി.പി.എം നിരീക്ഷിക്കുന്നതിനാൽ നിസ്സാര കാരണങ്ങളിൽ ഉടക്കിനിൽക്കാൻ ഇരുവിഭാഗവും തയാറാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.