മുറുകി ജയരാജപ്പോര്; ‘തണുപ്പി’ക്കാൻ പിണറായി
text_fieldsന്യൂഡൽഹി/കണ്ണൂർ: കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരായ ‘റിസോർട്ട് അഴിമതി’ ആരോപണത്തിൽ നേതൃതലം മുതൽ തുടർചലനം ലക്ഷ്യമിട്ട് സി.പി.എമ്മിൽ നീക്കങ്ങൾ. പരാതി ഉന്നയിച്ച സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെതിരെ സമാന ആരോപണങ്ങളുമായി ഇ.പി. അനുകൂലികൾ രംഗത്തുവന്നപ്പോൾ, ഡൽഹിയിൽ ഇന്നാരംഭിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോയിൽ വിഷയം ചർച്ചയാകുമെന്ന പ്രതീക്ഷയിലാണ് പി.ജയരാജൻ അനുകൂലികൾ.
അതേസമയം, പി.ബിയിൽ പങ്കെടുക്കാൻ തിങ്കളാഴ്ച തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയാരോപണത്തെ ‘തണുപ്പൻ’ മറുപടിയിലൂടെയാണ് നേരിട്ടത്. ഇ.പി. ജയരാജൻ വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന്,‘ഡല്‍ഹിയില്‍ തണുപ്പ് എങ്ങനെയുണ്ട്’ എന്നായിരുന്നു പിണറായിയുടെ മറുപടി. നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അങ്ങോട്ട് വരുമെന്നും പിണറായി പറഞ്ഞു.
പോളിറ്റ് ബ്യൂറോ യോഗ അജണ്ട മുൻകൂട്ടി തീരുമാനിച്ചതിനാൽ ഇ.പി വിഷയം ഉൾപ്പെട്ടിട്ടില്ല. എന്നാൽ, കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ അദ്ദേഹത്തിനെതിരെ ഉയർന്ന പരാതി പോളിറ്റ് ബ്യൂറോയിൽ ചർച്ചയാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരാതി സംബന്ധിച്ച് യോഗത്തിൽ വിശദീകരിക്കാനാണ് സാധ്യത. നേരത്തെ തീരുമാനിച്ച തീയതി പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ് ഡൽഹി എ.കെ.ജെ ഭവനിൽ യോഗം നടക്കുന്നത്. ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപണം ഉന്നയിച്ച പി. ജയരാജൻ, പരാതി രേഖാമൂലം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിന്മേൽ അന്വേഷണത്തിന് പാർട്ടി നിർബന്ധിതരാകും. എന്നാൽ, കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ അന്വേഷണത്തിൽ ഇ.പിക്കെതിരെ നടപടിയെടുക്കണമെങ്കിൽ പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും അംഗീകാരം വേണം. പരാതി കേന്ദ്ര കമ്മിറ്റിക്കു മുമ്പാകെ വന്നാൽ മാത്രമേ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും വിശദ ചർച്ചക്ക് സാധ്യതയുള്ളൂ. ഇതിനിടെ, ഇ.പിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി. ജയരാജനെതിരെയും നേതൃത്വത്തിന് മുന്നിൽ പരാതിപ്രളയം.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി പി. ജയരാജനുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി ലഭിച്ചത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രധാന ആവശ്യം. ഇ.പിയുമായി അടുപ്പമുള്ളവരാണ് കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയ പരാതിക്ക് പിന്നിൽ.
ഇ.പി നേരത്തെ ജില്ല സെക്രട്ടറിസ്ഥാനം വഹിച്ചിരുന്ന തൃശൂരിൽനിന്നുള്ള കേന്ദ്രങ്ങളിൽ നിന്നാണ് കൂടുതലായും പരാതികൾ പോയത്. ഇതോടൊപ്പം വടകര ലോക്സഭ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയിൽ പറയുന്നു.ഇ.പി. ജയരാജന്‍റെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ കണ്ണൂർ മൊറാഴ ഉടപ്പക്കുന്നിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടാണ് പി. ജയരാജൻ പരാതി ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.