അട്ടപ്പാടിയിലെ ഭൂമാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്ന് ജില്ല പൊലീസ് മേധാവി
text_fieldsഅട്ടപ്പാടിലെ ആദിവാസി ഭൂമി കൈയേറ്റം കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ
കോഴിക്കോട്: അട്ടപ്പാടിയിലെ ഭൂമാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി. മുൻ ചീഫ് സെക്രട്ടറി വി. വേണു പങ്കെടുത്ത യോഗത്തിലാണ് ജില്ല പൊലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. അട്ടപ്പാടിക്ക് പുറത്തുള്ള മാഫിയ സംഘങ്ങൾ ആദിവാസി ഭൂമി കൈയേറി വില്ലേജ് ഓഫിസുകളിൽ നിന്നും കൈവശ സർട്ടിഫിക്കറ്റും നികുതി രസീതും സമ്പാദിക്കുന്നുണ്ട്.
അതിനുശേഷം ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യും. കോടതിയിൽ നിന്ന് പൊലീസ് സംരക്ഷണത്തോടു കൂടി ഭൂമി ഏറ്റെടുക്കുന്നതിന് അനുകൂല ഉത്തരവ് സമ്പാദിക്കും. ഈ രീതിയിൽ ഭൂമി സ്വന്തമാക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി യോഗത്തിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയാണ് അട്ടപ്പാടിയിൽ നിന്ന് സ്ഥലംമാറ്റിയതെന്നും അദ്ദേഹം യോഗത്തിൽ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
ആദിവാസി ഭൂമി അന്യാധീനപ്പെട്ട പഴയ കേസുകൾ അല്ലാതെ സമീപകാലത്ത് ആദിവാസി ഭൂമി കൈയേറുകയും അതിന് പട്ടയം ഉണ്ടാക്കുകയും റവന്യൂരേഖകളിൽ മാറ്റം വരുത്തുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചാണ് ചീഫ് സെക്രട്ടറി യോഗത്തിൽ ചോദിച്ചത്. കൈവശ സർട്ടിഫിക്കറ്റ്, നികുതി രസീത്, കുടിയായ്മ തുടങ്ങിയ രേഖകൾ വില്ലേജ് ഓഫിസർമാർ പരിശോധിച്ച ശേഷമാണ് എൽ.ടിയിലേക്ക് കൊടുക്കുന്നതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.
അതിന്റെ അടിസ്ഥാനത്തിലാണ് പട്ടയം അനുവദിക്കുന്നതെന്നും ഭൂമി പരിശോധിക്കാൻ പോകുന്നതിന് സാധിക്കുന്നില്ലെന്നും തണ്ടപ്പേർ പിടിച്ച് ചെയ്യണമെന്ന് സർക്കാർ നിർദേശപ്രകാരം നടപടി സ്വീകരിച്ചു. എന്നാൽ, നികുതി അയക്കുന്ന റെലിസ് എന്ന റവന്യൂ വകുപ്പിന്റെ വെബ് സൈറ്റിലെ നികുതി രസീതിൽ സർവേ വിസ്തീർണത്തെക്കാളും ഭൂമി ചിലരുടെ കൈവശമുണ്ടെന്നും കണ്ടെത്തി. രണ്ട് ഹെക്ടറിൽ (അഞ്ച് ഏക്കറിൽ) കൂടുതലുള്ളവർക്ക് നികുതി അടച്ച് നൽകുന്നില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരണം നൽകി. കൂടുതൽ ഭൂമി സറണ്ടർ ചെയ്യുന്നതിന് കൈയേറിയവരിൽ നിന്നും അപേക്ഷ ലഭിക്കുന്നുണ്ടെന്നും തഹസിൽദാർ അറിയിച്ചു.
അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1819ലെ കൈയേറ്റം സംബന്ധിച്ച് പരാതിയുണ്ട്. 1819 സർവേ നമ്പരിൽ 404 ഏക്കർ മിച്ച ഭൂമിയായി ഏറ്റെടുത്തതാണ്. ഇവിടെ കുറച്ച് ആളുകൾക്ക് ഭൂമി പതിച്ചു കൊടുത്തിരുന്നു. അവർ ഭൂമി ഏറ്റെടുക്കാൻ തയാറായില്ല. ചെങ്ങറ സമരക്കാർക്കും ഭൂമി പതിച്ചു നൽകി. അവരും ഭൂമി ഏറ്റെടുക്കാൻ തയാറായില്ല. ബാക്കി ഭൂമി സ്വകാര്യ ഭൂമിയാണ്. സർവേ നമ്പർ 1819 ൽ ആകെ 2372 ഏക്കർ (960ഹെക്ടർ) ഭൂമിയുണ്ട്. ഇതിൽ വനഭൂമിയും പട്ടയഭൂമിയും ഉണ്ട്. ഇവിടെ 83 പേർ ഭൂനികുതി അടക്കുന്നുണ്ട്.
സർവേ 1819ൽ കൂടുതൽ കാടുപിടിച്ച് കിടക്കുന്ന ഭൂമിയായതിനാൽ ഉദ്യോഗസ്ഥർക്ക് അങ്ങോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. സർവേ 1819ൽ 1999ലെ കെ.എസ്.ടി നിയമപ്രകാരം ഒരു ഏക്കർ ഭൂമി വീതമാണ് ആദിവാസികൾക്ക് പതിച്ചു നൽകിയത്. ഇത് ഏറ്റെടുക്കാൻ ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവർ വിസമ്മതിച്ചു എന്നാണ് എ.ഡി.എം അറിയിച്ചത്. ഭൂമി അനുവദിക്കുമ്പോൾ അതിർത്തി കാണിച്ചു കൊടുക്കാതെയും താമസയോഗ്യമല്ലാത്ത ഭൂമി അനുവദിക്കുന്നതിലൂടെയും വീഴ്ചകൾ സംഭവിച്ചതായും പട്ടയം കൊടുക്കുന്നതിന് അടിസ്ഥാനപരമായി കാര്യങ്ങൾ ചെയ്യാതെയാണ് രേഖകൾ അനുവദിക്കുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയണമെന്നും കൈയേറ്റക്കാർ സ്വാധീനം ചെലുത്തി ഭൂമി കൈമാറുന്നത് തടയുന്ന നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സർവേ നമ്പർ 1819ൽ നടന്ന ഭൂമി കൈമാറ്റങ്ങൾ പരിശോധിക്കണം. അത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രണ്ടു മാസത്തിനകം സർക്കാറിലേക്ക് സമർപ്പിക്കണമെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ആ നിർദേശവും ഉദ്യോഗസ്ഥർ അട്ടമറിച്ചു. 'മാധ്യമം ഓൺലൈൻ' വാർത്തയിലൂടെയാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം പുറത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.