രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന ജില്ലകളിലൊന്നായി എറണാകുളം, തീവ്രയജ്ഞവുമായി ജില്ല ഭരണകൂടം
text_fieldsകൊച്ചി: രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന ജില്ലകളിലൊന്നായികേന്ദ്ര സാമൂഹികനീതി മന്ത്രാലയം കണ്ടെത്തിയ എറണാകുളത്ത് ഒരുമാസത്തെ ലഹരിമുക്ത തീവ്രയജ്ഞവുമായി ജില്ല ഭരണകൂടം. ലോക ലഹരിവിരുദ്ധ ദിനമായ ഈ മാസം 26ന് മന്ത്രി ഡോ. ആർ. ബിന്ദു സൂമിലൂടെ പദ്ധതി ഉദ്ഘാടനം നിർവഹിക്കും.
`കൈകോർക്കാം, ലഹരിക്കെതിരെ, ലഹരിവിമുക്ത എറണാകുളം' മുദ്രാവാക്യവുമായി വിവിധ പരിപാടികളാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പദ്ധതി നടപ്പാക്കും. പദ്ധതി പ്രവർത്തനങ്ങൾക്കായി ജില്ല സാമൂഹികനീതി വകുപ്പിനു കീഴിൽ നൂറിലധികം മാസ്റ്റർ വളൻറിയർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകിയതായി വകുപ്പ് ഓഫിസർ കെ.കെ. സുബൈർ അറിയിച്ചു. അഭിഭാഷകർ, സ്കൂൾ കൗൺസിലർ, സാമൂഹികപ്രവർത്തകർ തുടങ്ങിയവരാണ് ഇതിലുള്ളത്. ഇവർ ജില്ലയിൽ ലഹരിപദാർഥങ്ങളുടെ ഉപയോഗം കൂടുതലായി നടക്കുന്ന ഇടങ്ങൾ (ഹോട്ട്സ്പോട്ട്) കണ്ടെത്തി ഫലപ്രദമായ ഇടപെടലുകൾ നടത്തും.
പൊലീസ്, എക്സൈസ്, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര, വനിത-ശിശുവികസന വകുപ്പ്, ജില്ല മെഡിക്കൽ ഓഫിസ്, ഡി.എൽ.എസ്.എ, വിദ്യാഭ്യാസ വകുപ്പുകൾ തുടങ്ങി സർക്കാർ വകുപ്പുകളുടെയും ലഹരിവിമോചന കേന്ദ്രങ്ങൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെയുമാണ് പ്രവർത്തനങ്ങൾ നടപ്പാക്കുക. താഴെത്തട്ടിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനുള്ള നടപടികൾ ജില്ല കലക്ടർ അധ്യക്ഷനായ സമിതി തീരുമാനിച്ചു.
ഈ മാസം 26 മുതൽ ഒരുമാസത്തെ പരിപാടിയിലൂടെ 1000 ബോധവത്കരണ ക്ലാസുകൾ ജില്ലയിലുടനീളം നടക്കും. എല്ലാ ബ്ലോക്കുകളിലും നഗരസഭകളിലും പ്രത്യേക സമിതികൾ രൂപവത്കരിച്ചാണ് പ്രവർത്തനം. ലഹരിയിൽനിന്ന് മോചനം ആഗ്രഹിക്കുന്നവരെ അത്തരം കേന്ദ്രങ്ങളിലെത്തിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.