‘ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം’; പി. ജയരാജനെതിരെയുളള കോടതിയലക്ഷ്യ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി
text_fieldsകൊച്ചി: ഹൈകോടതി ജഡ്ജിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് സി.പി.എം നേതാവ് പി. ജയരാജനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ രജിസ്ട്രാർ ജനറലിന് നിർദേശം നൽകണമെന്ന അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറാൻ ഹൈകോടതി രജിസ്ട്രാർക്ക് നിർദേശം നൽകണമെന്നതടക്കം ആവശ്യപ്പെട്ട് കൊച്ചി മരട് സ്വദേശി എൻ. പ്രകാശൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. രജിസ്ട്രാർ ജനറൽ ഇതുസംബന്ധിച്ച് നിയമപരമായി പ്രവർത്തിച്ചുകൊള്ളുമെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
വധശ്രമക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചവരിൽ ഒരാളൊഴികെ പ്രതികളെയെല്ലാം വിട്ടയച്ച വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ഇതിൽ പരാമർശമുണ്ടായിരുന്നു. ന്യായാധിപനെതിരായ പരാമർശം വേദനിപ്പിക്കുന്നതാണെന്നും കോടതിയലക്ഷ്യ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻ ഹൈകോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. ഇതിൽ സമയബന്ധിതമായി നടപടിയെടുക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സിംഗിൾ ബെഞ്ചിനെയും സമീപിച്ചു. ഹൈകോടതി രജിസ്ട്രാറാണ് നടപടിയെടുക്കേണ്ടതെന്നും ഇതിന് പ്രത്യേകം ഉത്തരവു നൽകേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി സിംഗിൾ ബെഞ്ച് ഹരജി തീർപ്പാക്കി. ഇതിനെതിരെയായിരുന്നു അപ്പീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.