മകളുമായി സർക്കാർ ആശുപത്രിയിൽ അനുഭവിക്കേണ്ടി വന്ന ദുരിതം വിവരിച്ച് ഡോക്ടറായ അമ്മ
text_fieldsമകളുടെ ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യത്തിനായി പരിശോധനക്ക് സർക്കാർ ആശുപത്രിയിൽ അനുഭവിക്കേണ്ടി വന്ന ദുരിതത്തെ കുറിച്ചും കനത്ത ഫീസിനെ കുറിച്ചും വിവരിച്ച് ഡോക്ടർ കൂടിയായ ഒരമ്മ. എഴുത്തുകാരിയും ട്രാവലറും ആയൂർവേദ ഡോക്ടറുമായ മിത്ര സതീഷ് ആണ് സർക്കാർ ആശുപത്രിയിലെ ദുരിതകഥ വിവരിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഇതിനോട് നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ് മിത്ര. മകളുടെ െഎ.ക്യു പരിശോധനക്കായാണ് സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ, ജീവനക്കാരി താമസിച്ച് എത്തി എന്ന് മാത്രമല്ല, നിമിഷങ്ങൾ മാത്രം നീണ്ട പരിശോധനക്ക് ആയിരം രൂപ ഫീസ് ഈടാക്കിയതായും കുറിപ്പിൽ പറയുന്നു. രസീത് നൽകിയതുമില്ല. സമാന പരിശോധനക്കെത്തിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള മറ്റുള്ളവരിൽനിന്നും ഇതേ തുക ഈടാക്കിയതായി മിത്ര പറയുന്നു.
മിത്രയുടെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:
ഇന്ന് മോളെയും കൊണ്ട് ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യത്തിനായി െഎ.ക്യു ടെസ്ററ് ചെയ്യാൻ ഒരു സർക്കാർ ആശുപത്രിയിൽ പോയിരുന്നു. ഒമ്പത് മണിക്ക് ഹാജരാകാനാണ് പറഞ്ഞത്.
ഞങ്ങൾ ചെല്ലുമ്പോൾ ഒരു മുറി നിറയെ രക്ഷിതാക്കളും ഡിഫറന്റ്ലി ഏബിൾഡ് കുട്ടികളും. ഒരു കുട്ടിക്ക് നേരെ ഇരിക്കാൻ പോലും പറ്റുനില്ലായിരുന്നു. ആ മോനെയും കൊണ്ട് അമ്മയും അച്ഛനും ബുദ്ധിമുട്ടുന്നത് ഒരു നൊമ്പര കാഴ്ച്ചയായിരുന്നു. 10 മണി ആയപ്പോഴേക്കും പല കുട്ടികളും അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. െഎ.ക്യു ടെസ്ററ് ചെയ്യേണ്ട ഉദ്യോഗസ്ഥ ബസ്സ് കിട്ടാത്തത് കൊണ്ട് എത്തിയത് 10.30ന്.
ടെസ്റ്റിംഗ് ആരംഭിച്ചു. മോളുടെ നമ്പർ എഴായിരുന്നു. അവളെ 12.15മണിക്ക് വിളിച്ചു. ഒരു കുട്ടിക്ക് ശരാശരി 15 മിനുട്ട് സമയം. 12.30ന് ടെസ്റ്റ് കഴിഞ്ഞു. ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥ 1000 രൂപ നൽകാൻ പറഞ്ഞു. പൈസ എടുത്തില്ല എന്നുള്ളത് കൊണ്ട് ഗൂഗൾ പേ ചെയ്തു. രസീത് തന്നില്ല. ചെയ്തു കഴിഞ്ഞാണ് ശ്രദ്ധിച്ചത് അത് അവരുടെ പേഴ്സണൽ നമ്പർ ആയിരുന്നു.എന്‍റെ കുറച്ചു സംശയങ്ങൾ. അറിയാവുന്നവർ ഉത്തരം നൽകി സഹായിക്കുക.
1. രസീത് ഇല്ലാതെ സർക്കാർ ആശുപത്രിയിൽ പുറത്ത് നിന്ന് വന്ന് ഒരാൾക്ക് ടെസ്റ്റ് നടത്തിയതിന്‍റെ പൈസ വാങ്ങാൻ സാധിക്കുമോ ?
2. പ്രൈവറ്റ് സ്ഥാപനങ്ങളിൽ പോലും ഐ.ക്യു ടെസ്ററിന് ആയിരം രൂപ മാത്രം വാങ്ങുമ്പോൾ സർക്കാർ സ്ഥാപനത്തിൽ ടെസ്റ്റ് ഒരു പ്രഹസനമായി നടത്തി 1000 രൂപ വാങ്ങുന്നതിന്‍റെ യുക്തി എന്താണ് ?
3. അവിടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളും ഉണ്ടായിരുന്നു. അവരിൽ നിന്നും ഉദ്യോഗസ്ഥ 1000 രൂപ തന്നെ വാങ്ങി. ഇതിനെ ചൂഷണം എന്നല്ലാതെ എന്താണ് വിളിക്കാൻ പറ്റുക ?
4. ഏകദേശം 20 കുട്ടികൾ ഐ.ക്യു ടെസ്റ്റിന് വന്നു. 20000 രൂപ 5 മണിക്കൂർ സേവനത്തിന്. ഇത് നമ്മടെ നാട്ടിലെ നടക്കൂ.
അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് പുറത്ത് നിന്ന് ഐ.ക്യു ടെസ്റ്റ് ചെയ്യാൻ മാത്രമായി അവരെ വരുത്തിച്ചു എന്നതാണ്. അങ്ങനെയാണെങ്കിൽ കൂടി സർക്കാർ ആശുപത്രിയിൽ വെച്ച് നടത്തുമ്പോൾ, പാവപ്പെട്ട രോഗികൾ ആകുമ്പോൾ ഫീസ് ന്യായമായ രീതിയിൽ നിജപ്പെടുത്തണ്ടെ ? അവർക്ക് തോന്നുന്നത് വാങ്ങാൻ പറ്റുമോ ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.