സെക്രട്ടേറിയറ്റിലെ ഇ-ഫയലിങ് ആറു ദിവസം നിലക്കും
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഇ-ഫയലിങ് സംവിധാനം ചൊവ്വാഴ്ച വൈകീട്ട് ആറു മുതൽ ജനുവരി 30ന് രാത്രി 11 വരെ നിലക്കും. നിലവിൽ ഉപയോഗിക്കുന്ന esarkarൽനിന്ന് ഇ- ഫയൽ 7.x.x ലേക്ക് സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിത്. പകരം പേപ്പർ ഫയൽ സംവിധാനം ഏർപ്പെടുത്തും. സമാന്തര സംവിധാനമേർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
നിലവിൽ ഇ-ഓഫിസിൽ ചെയ്തുകൊണ്ടിരിക്കുന്നതും പുതുതായി ആരംഭിക്കുന്നതുമായ ഫയലുകൾ പൂർണമായി ഫിസിക്കൽ രൂപത്തിൽ കൈകാര്യം ചെയ്യണമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് ഉത്തരവ് നൽകി. പുതിയ ഫയലുകൾക്ക് ഓരോ സീറ്റിലും ഇ-ഓഫിസിൽ അവസാനം സൃഷ്ടിക്കപ്പെട്ട ഫയൽ നമ്പറുകളുടെ മാതൃകയിൽ തുടർച്ചയായ നമ്പർ നൽകണം. പുതിയ സംവിധാനം വരുമ്പോൾ എല്ലാ ഫയലുകളും ഇലക്ട്രോണിക് രൂപത്തിൽ നവീകരിക്കണം.
പുതുതായി സൃഷ്ടിക്കുന്ന ഫിസിക്കൽ ഫയലുകൾ അതേ നമ്പറുകളിൽ ഇലക്ട്രോണിക് ഫയലാക്കണം. എല്ലാ ഓഫിസ് സെക്ഷനുകളും പ്രത്യേകം തപാൽ രജിസ്റ്ററുകൾ ഫിസിക്കലായി സൂക്ഷിക്കണം. പുതുതായി ലഭിക്കുന്ന തപാലുകൾക്ക് ഒന്നു മുതലുള്ള ക്രമനമ്പറുകൾ തുടർച്ചയായി നൽകണം. ഇ-ഓഫിസ് പ്രവർത്തനക്ഷമമാകുമ്പോൾ അതിന്റെ ഭാഗമാക്കണം. എല്ലാ വകുപ്പുകളും അതത് ഓഫിസ് സെക്ഷനുകൾ മുഖേന രജിസ്റ്റർ ചെയ്ത് സർക്കാർ ഉത്തരവുകൾക്ക് നമ്പർ നൽകണം.
സന്ദർശക സഹായ കേന്ദ്രങ്ങൾ മാന്വൽ രീതിയിൽ സന്ദർശന പാസ് അനുവദിക്കും. അഡ്വക്കറ്റ് ജനറൽ ഓഫിസുമായുള്ള ആശയ വിനിമയം മെയിൽ/ഫാക്സ് മുഖേന നടത്തണം. കോടതി കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടാകുന്നില്ലെന്ന് വകുപ്പിലെ നോഡൽ ഓഫിസർമാർ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.