വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വീഴാറായി; കനിയണം, കേന്ദ്രം
text_fieldsതൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം അതിഗുരുതരാവസ്ഥയിൽ. തൃശൂരിന്റെ അടയാളമായി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഗോപുരത്തിനാണ് കേന്ദ്ര അവഗണനയിൽ ഈ ദുർഗതി. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി ഒരു വർഷം മുമ്പ് ലഭിച്ചതാണ്. സംസ്ഥാന സർക്കാറും ദേവസ്വം വകുപ്പും ചേർന്ന് നവീകരണത്തിന് ശ്രമം തുടങ്ങിയപ്പോൾ സ്വകാര്യ ഏജൻസികൾ സന്നദ്ധരായി എത്തിയതോടെ ധാരണയിലായിരുന്നു.
എന്നാൽ, ഇതിനിടയിലാണ് പ്രസാദ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്ര പുനരുദ്ധാരണത്തിൽ ഗോപുരനവീകരണം കൂടി ഉൾപ്പെടുത്തി പദ്ധതി തയാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്. 50 കോടിയുടെ പദ്ധതിയാണിത്. ഇതോടെ നേരത്തെ സന്നദ്ധരായി എത്തിയിരുന്ന സംഘടനകൾ പിന്മാറുകയും നവീകരണം പെരുവഴിയിലാവുകയും ചെയ്തു.
കിഴക്കേഗോപുരം തകർച്ചഭീഷണി നേരിടുന്നതും മരത്തൂണിൽ ഉറപ്പിച്ച് നിർത്തിയതുമെല്ലാം ഏറെ ചർച്ചയായിരുന്നു. നവീകരണത്തിന് അനുമതി തേടി നിരവധി തവണ കൊച്ചിൻ ദേവസ്വം ബോർഡ് പുരാവസ്തുവകുപ്പിനെ സമീപിച്ചുവെങ്കിലും അനുമതി നൽകാതെയും മറുപടി നൽകാതെയും വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് കൂടുതൽ അപകട സാഹചര്യമുണ്ടായതോടെ വീണ്ടും ബോർഡ് പുരാവസ്തുവകുപ്പിനെ സമീപിച്ചിട്ടും മറുപടി ലഭിച്ചില്ല.
ഇതോടെ ബോർഡ് സംസ്ഥാന സർക്കാറിനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനുമായും വിഷയം സംസാരിച്ചു. നവീകരിക്കാൻ സന്നദ്ധമായിട്ടും പുതുക്കിപ്പണിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അനുമതി നൽകുന്നില്ലെന്നും ഏതെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ തങ്ങൾ ഉത്തരവാദികളല്ലെന്നും കാണിച്ച് കൊച്ചിന് ദേവസ്വം ബോർഡ് ഹൈകോടതിയെ സമീപിച്ചു. ഇതോടെയാണ് കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര പുരാവസ്തു വകുപ്പ് നവീകരണത്തിന് അനുമതി നൽകിയത്.
വകുപ്പിന്റെ തത്വങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് തൃശൂർ സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നടത്തണമെന്ന കർശന നിർദേശത്തോടെയായിരുന്നു അനുമതി. പദ്ധതിയുടെ ഭൂ രേഖ ടി.എൻ. പ്രതാപൻ എം.പി കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രിക്ക് സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രം ഇക്കാര്യത്തിൽ അനുമതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.