ഇ.ഡിയും ആദായനികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസം; നിയമനടപടി സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദൻ
text_fieldsതൃശ്ശൂർ: സി.പി.എമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയും ആദായനികുതി വകുപ്പും കാണിക്കുന്നത് ഒരു തരം ഗുണ്ടായിസമാണ്. നിയമപരമായ കാര്യങ്ങളെല്ലാം വിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള നീക്കങ്ങളാണ് അവർ നടത്തുന്നത്. അത് നിയമപരമല്ല. നിയമപരമല്ലാത്ത എല്ലാറ്റിനെയും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സി.പി.എം തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ഇടപാടുകളെല്ലാം സംസ്ഥാന നേതൃത്വത്തിന് അറിയാം. അതിൽ എന്ത് സംശയമാണുള്ളത്. എല്ലാം സുതാര്യമല്ലേ. ഇതിന്റെ കണക്കെല്ലാം കേന്ദ്ര സർക്കാറിന് കൊടുക്കുന്നതല്ലേ. ഈ കണക്കും കൊടുത്തതല്ലേ. ഏത് കണക്കാണ് കൊടുക്കാൻ ബാക്കിയുള്ളതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
റെയ്ഡിനു പിന്നാലെയാണ് സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റിയുടെ പേരിൽ എം.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 5.10 കോടി രൂപ അക്കൗണ്ടിലുള്ളതായാണ് വിവരം. ഈ മാസം ആദ്യം ഈ അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ തുക ചെലവഴിക്കരുതെന്നും തുകയുടെ ഉറവിടം അറിയിക്കണമെന്നും നിർദേശിച്ചു. അതേസമയം, ബാങ്കിൽ സി.പി.എമ്മിന്റെ നാല് അക്കൗണ്ടുകളിലായി 9.5 കോടി രൂപയുണ്ടെന്നും പറയപ്പെടുന്നു.
സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റി ഓഫിസിനു സമീപമാണ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ. സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായാണ് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച ബാങ്ക് ശാഖയിൽ റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിക്കലുണ്ടായത്. ബാങ്ക് അക്കൗണ്ടിലുള്ളത് പാര്‍ട്ടി വെളിപ്പെടുത്താത്ത തുകയാണെന്നും കെ.വൈ.സി വിവരങ്ങൾ കൃത്യമല്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി വിശദ അന്വേഷണം നടത്തിവരുകയാണ്. കരുവന്നൂരിലെ സി.പി.എം അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം ഇ.ഡി റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമീഷനും നല്‍കിയിരുന്നു. ഈ മാസം ആദ്യം ഒരു കോടി രൂപ പിൻവലിച്ചതിനെ തുടർന്നാണ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരം ആദായനികുതി വകുപ്പിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.