എളമരം കടവ് പാലം മേയ് 23 ന് തുറക്കും
text_fieldsകോഴിക്കോട്: കേന്ദ്ര റോഡ് ഫണ്ടിൽ (സി.ആർ.എഫ്) ഉൾപ്പെടുത്തി 35 കോടി രൂപ ചെലവഴിച്ച് നിർമിച്ച എളമരം കടവ് പാലം അടുത്ത മേയ് 23ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ നിർമിച്ച പാലത്തിന്റെ അവസാനഘട്ട പ്രവൃത്തികൾ നടക്കുകയാണ്.
പാലത്തിന്റെ സ്ട്രക്ച്ചര്‍ പ്രവൃത്തി, പെയിന്‍റിങ് എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. 35 മീറ്റര്‍ നീളത്തില്‍ 10 സ്പാനോടുകൂടി 350 മീറ്റര്‍ നീളമാണ് പാലത്തിനുളളത്. കോഴിക്കോട് മാവൂര്‍ ഭാഗത്തെ അപ്രോച്ച് റോഡിന്‍റെ ബി.എം, ബി.സി പൂര്‍ത്തീകരിച്ചു. മലപ്പുറം എളമരം ഭാഗത്ത് എളമരം ജംഗ്ഷന്‍ മുതല്‍ എളമരം കടവ് വരെയുളള ബി.സി. പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാട്ടുകാരുടെ ചിരകാലാഭിലാഷമാണ് പാലം തുറക്കുന്നതോടെ സഫലമാവുക. ചാലിയാറിൽ ഇപ്പോഴും ബോട്ട് സർവിസ് നടക്കുന്ന കടവാണിത്. ദിനേന നിരവധി യാത്രക്കാരാണ് ഇതിലൂടെ കടന്നുപോകുന്നത്. ബൈക്കുകൾ ബോട്ടിൽ കയറ്റിയാണ് യാത്ര. പാലം തുറക്കുന്നതോടെ കടത്തുസർവിസ് നിലക്കും.
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടെ മലയോര മേഖലയിലേക്ക് പാലംവഴി എളുപ്പത്തിൽ എത്താനാകും. നാട്ടുകാരുടെ നിരന്തര ശ്രമഫലമായാണ് എളമരം പാലം യാഥാർഥ്യമായത്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള പ്രവർത്തനം. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ശ്രമഫലമായി, പദ്ധതി കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി അയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പൊതുമരാമത്ത് മന്ത്രി നിതിൻ ഗഡ്കരി സംസ്ഥാന സർക്കാരിന് കത്തയച്ചു. നാട്ടുകാരനായ എളമരം കരീമിന്റെയും സ്ഥലം എം.എൽ.എ ടി.വി. ഇബ്രാഹമിന്റെയും ഇടപെടലുകളിലൂടെ നടപടികൾ വേഗത്തിലാക്കി. അപ്രോച്ച് റോഡുകൾക്കാവശ്യമായ സ്ഥലം ഏറ്റെടുക്കലിനു ശേഷമാണ് 2019ൽ പാലം പ്രവൃത്തി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.