കരുളായിയിൽ വയോധികന് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച് നൽകി; വിശദീകരണവുമായി മെഡിക്കല്‍ ഓഫിസര്‍
text_fieldsകരുളായി (മലപ്പുറം): കോവിഡ് വാക്സിൻ ക്യാമ്പിലെത്തിയ വയോധികന് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. കരുളായി പുള്ളിയില്‍ സ്‌കൂളില്‍ ഞായറാഴ്ച നടന്ന ക്യാമ്പിലായിരുന്നു സംഭവം. മുക്കത്ത് താമസിക്കുന്ന കരുവാടന്‍ കാസിമും (62) ഭാര്യ നഫീസയും ഒരുമിച്ചാണ് ഉച്ചക്ക് 12ഓടെ ക്യാമ്പിലെത്തിയത്.
ആദ്യമെത്തിയ നഴ്‌സ് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ഇതറിയാതെ തൊട്ടുപിറകെയെത്തിയ മറ്റൊരു നഴ്‌സ് വീണ്ടും കുത്തിവെച്ചെന്നും കാസിം പറഞ്ഞു. എത്രതവണ കുത്തിവെക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
ഭാര്യക്കും വാക്‌സിന്‍ നല്‍കിയശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരോട് പോകാന്‍ പറഞ്ഞു. എന്നാൽ, ഭര്‍ത്താവിന് രണ്ടുതവണ കുത്തിവെച്ചെന്നും തനിക്ക് ഒന്നു മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും നഫീസ പറഞ്ഞപ്പോഴാണ് കാസിമിന് രണ്ട് ഡോസ് നൽകിയ കാര്യം ആരോഗ്യ പ്രവര്‍ത്തകരും അറിഞ്ഞത്.
തുടർന്ന് അര മണിക്കൂർ നിരീക്ഷണത്തിലിരുത്തിയ ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാൽ തിരിച്ചയച്ചു. ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നതെന്നാണ് ആക്ഷേപമുയർന്നത്.
എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ല ഇരട്ട വാക്‌സിന്‍ നല്‍കാന്‍ കാരണമായതെന്നും വാക്‌സിനെടുത്തിട്ടും കാസിം അവിടെത്തന്നെ ഇരുന്നതാണ് വീണ്ടും കുത്തിവെക്കാൻ ഇടയാക്കിയതെന്നും കരുളായി മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുപമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.