വയോജനങ്ങൾ തനിച്ചാകില്ല, ഇനി കുടുംബശ്രീ പരിചരിക്കും
text_fieldsതിരുവല്ല: കേരളം കൈവരിച്ച സാമൂഹിക വളര്‍ച്ചയുടെ ഭാഗമായി രൂപപ്പെട്ടിരിക്കുന്ന രണ്ടാം തലമുറ പ്രശ്നങ്ങള്‍ ഏറ്റടുത്തുകൊണ്ടുള്ള കുടുംബശ്രീയുടെ ക്രിയാത്മകമായ ചുവടുവെപ്പാണ് കെ 4 കെയര്‍ പദ്ധതിയെന്ന് മന്ത്രി എം.ബി. രാജേഷ്. വയോജന രോഗീപരിചരണത്തിനായി കുടുംബശ്രീയുടെ കെ 4 കെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന ‘പത്തനംതിട്ട റെഡ് ചില്ലീസ്’ മുളകുപൊടിയുടെ ലോഞ്ചിങ്ങും തിരുവല്ലയിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവത്കരണത്തിന് വലിയ പ്രാധാന്യം നല്‍കിയാണ് കുടുംബശ്രീ മുന്നോട്ടുപോകുന്നത്.
ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സംരംഭ മാതൃകയില്‍ നടപ്പാക്കുന്ന കെ 4 കെയര്‍ പദ്ധതി. പ്രവാസികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ വീട്ടില്‍ ഒറ്റക്കാവുന്ന വയോജനങ്ങളുടെ പരിപാലനം ഗൗരവമായി പരിഗണിക്കേണ്ട പ്രശ്നമാണ്. വിശ്വസിക്കാവുന്നതും വൈദഗ്ധ്യമുള്ളതുമായ സംവിധാനങ്ങളുടെ അപര്യാപ്തതക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആയിരത്തോളം വനിതകള്‍ക്ക് ഈ രംഗത്ത് പരിശീലനം നല്കി മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 500 പേരെ ഏപ്രിലില്‍ രംഗത്തിറങ്ങും. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മികച്ച പരിചരണ സംവിധാനം ലഭ്യമാക്കുന്നതോടൊപ്പം സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. നീതി ആയോഗിന്റെ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് 0.48 ശതമാനം മാത്രമാണ്. ഈ നേട്ടം കൈവരിക്കാൻ 25 വര്‍ഷമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
വിഷരഹിത ഭക്ഷണവും തരും
പത്തനംതിട്ട റെഡ് ചില്ലീസ് മുളക് പൊടി, ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കാൻ തുടക്കമിട്ട അഗ്രി വെജിറ്റബിള്‍ കിയോസ്കുകള്‍ എന്നിവയിലൂടെ വിഷരഹിത ഭക്ഷ്യോല്പന്നങ്ങള് ലഭ്യമാക്കുകയെന്ന മറ്റൊരു സാമൂഹിക ഉത്തരവാദിത്തംകൂടി കുടുംബശ്രീ നിര്‍വഹിക്കുകയാണ്. പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും വൈവിധ്യവത്കരണത്തിന്റെയും പാതയിലാണ് കുടുംബശ്രീയിപ്പോള്‍. ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച പ്രീമിയം കഫേ, ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നുതന്നെ തുടക്കമിട്ട മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന 430 കോടി രൂപയുടെ ഉപജീവന പദ്ധതി കെ-ലിഫ്റ്റ് എന്നിവ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. 961 ജനകീയ ഹോട്ടലുകള്‍ക്ക് 161 കോടി രൂപ സബ്ഡിസി നല്‍കാനും കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ 4 കെയര്‍ പദ്ധതി, പത്തനംതിട്ട റെഡ് ചില്ലീസ് എന്നിവയുടെ പ്രൊമോ വിഡിയോ ലോഞ്ചിങ്ങ്, പദ്ധതിയുടെ ഭാഗമായി ടൂള്‍കിറ്റ്, യൂനിഫോം എന്നിവയുടെ വിതരണം, കുടുംബശ്രീ സംഘടിപ്പിച്ച വ്ലോഗ്, റീല്‍സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാര വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
പദ്ധതിക്കു തുടക്കം കുറിക്കുന്നതിലൂടെ കുടുംബശ്രീയുടെ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് അധ്യക്ഷ വഹിച്ച മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ പത്തിനു കെയര്‍ ഇക്കണോമി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഓണ്‍ലൈനായി മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, മുന്‍ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. സൈറു ഫിലിപ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ് മോഡറേറ്ററായി. ജില്ലയിലെ 25 പഞ്ചായത്തുകളിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന കാശ്മീരി മുളക് പ്രൊഡ്യൂസര്‍ ഗ്രൂപ്പു വഴി ശേഖരിച്ച് പൊടിച്ചു മുളകുപൊടിയാക്കി വിപണിയില്‍ എത്തിക്കുന്ന ‘റെഡ് ചില്ലീസ്’ ഉല്പന്നം മന്ത്രി എം.ബി. രാജേഷിന് ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജിജി മാത്യു കൈമാറി.
കളക്ടര്‍ എ. ഷിബു ‘രചന’ പുസ്തക പ്രകാശനം നിര്‍വഹിച്ചു. മന്ത്രി രാജേഷിന് ബഡ്സ് വിദ്യാര്‍ഥികള്‍ തയാറാക്കിയ എംബോസ് പെയിന്റിങ്ങ് കുടുംബശ്രീ എക്സിക്യിട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സമ്മാനിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, തിരുവല്ല നഗരസഭ അധ്യക്ഷ അനു ജോര്‍ജ്, ഉപാധ്യക്ഷന്‍ ജോസ് പഴയിടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയോഷന് പ്രസിഡന്റ് പി.എസ്. മോഹനന്, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ എസ്. ആദില, തിരുവല്ല ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഉഷ രാജേന്ദ്രന്, വെസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഇന്ദിരാഭായി, എച്ച്.എല്‍.എഫ്.പി.പി.ടി സംസ്ഥാന മേധാവി ടിന്റോ ജോസഫ്, ആസ്പിറന്റ് ലേണിങ് അക്കാദമി സി.ഇ.ഒ മുഹമ്മദ് ഷെറീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.