വരണാധികാരികളെ നിയമിച്ച് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് തയാറെടുത്ത് തെരഞ്ഞെടുപ്പ് കമീഷനും. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് റിട്ടേണിങ് ഓഫിസർമാരെയും അസി. റിട്ടേണിങ് ഓഫിസർമാരെയും നിയമിച്ച കമീഷൻ, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരായി കലക്ടർമാരെയും ചുമതലപ്പെടുത്തി. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും റിട്ടേണിങ് ഓഫിസർമാരെയും അസി. റിട്ടേണിങ് ഓഫിസർമാരെയും നിയമിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്റെ നിയമന വിശദാംശങ്ങൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സർക്കാറിനെ അറിയിച്ചു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളിൽ അതത് ജില്ല കലക്ടർമാരാണ് വരണാധികാരി.
ആറ്റിങ്ങലിൽ തിരുവനന്തപുരം എ.ഡി.എമ്മും മാവേലിക്കരയിൽ ആലപ്പുഴ എ.ഡി.എമ്മും ചാലക്കുടിയിൽ എറണാകുളം എ.ഡി.എമ്മും ആലത്തൂരിൽ പാലക്കാട് എ.ഡി.എമ്മും പൊന്നാനിയിൽ മലപ്പുറം എ.ഡി.എമ്മും വടകരയിൽ കോഴിക്കോട് എ.ഡി.എമ്മുമാണ് വരണാധികാരികൾ. ലോക്സഭ മണ്ഡലങ്ങളുടെ കീഴിൽ വരുന്ന ഓരോ നിയമസഭ മണ്ഡലങ്ങളിലും അസി. റിട്ടേണിങ് ഓഫിസർമാരെയും നിയമിച്ചു.
സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലേക്കും വരണാധികാരികളെയും ഉപ വരണാധികാരികളേയും നിയമിച്ചു. നേരത്തേ ഉണ്ടായിരുന്ന ചില ഓഫിസുകൾ മാറി പുതിയത് വന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ, റേഷനിങ് ഓഫിസർ തുടങ്ങിയ തസ്തികയിലുള്ളവരാണ് അസി. റിട്ടേണിങ് ഓഫിസർമാർ.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കൊല്ലത്തെ പുതുക്കിയ വോട്ടർപട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും. 2.68 കോടി വോട്ടർമാരാണ് കരട് പട്ടികയിൽ ഉണ്ടായിരുന്നത്. 25,177 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കുക. 17 വയസ്സ് പൂർത്തിയാക്കിയവർക്ക് പട്ടികയിൽ അപേക്ഷ നൽകാൻ അവസരം നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ജീവനക്കാരുടെ മാറ്റം സംബന്ധിച്ച് കമീഷൻ സർക്കാറിന് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.