കാട്ടാനയും കുഞ്ഞും കിണറ്റിൽ വീണു; രക്ഷിച്ച വനപാലക സംഘത്തെ ആക്രമിച്ചു; രണ്ടു പേർക്ക് പരിക്ക്
text_fieldsഅടിമാലി: കിണറ്റിൽ വീണ കാട്ടാനക്കും കുഞ്ഞിനും രക്ഷകരായി വനപാലകർ എത്തിയെങ്കിലും രക്ഷപ്പെട്ട ആനയുടെ പരാക്രമത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ആകാശത്തേക്ക് വെടി ഉതിർത്ത് വനപാലക സംഘം രക്ഷപ്പെട്ടത്. അടിമാലി റേഞ്ച് ഓഫീസർ ജോജി ജയിംസ്, സിവിൽ ഫോറസ്റ്റ് ഓഫീസർ സജീവ് എന്നിവർക്കാണ് പരിക്കേറ്റത്. നേര്യമംഗലം റേഞ്ചിൽ വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ ഇളംബ്യാശ്ശേരിക്ക് സമീപം അഞ്ചുകുട്ടിയിൽ പൊന്നമ്മയുടെ പുരയിടത്തിലാണ് കുട്ടിയാനയും പിടിയാനയും കിണറ്റിൽ വീണത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഇത് നാട്ടുകാർ കാണുന്നത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് അടിമാലി റേഞ്ച് ഓഫീസർ ജോജി ജയിംസ് , ഡപ്യൂട്ടി റേഞ്ച് ഓഫീസർ വി.സുനിൽ എന്നിവരുടെ നേതൃത്വത്തിൽ വനപാലക സംഘമെത്തി. കിണറിന് ആഴം കുറവായിരുന്നെങ്കിലും കാട്ടാനകളെ രക്ഷിക്കാൻ പ്രയാസമായി.
തുടർന്ന് ജെ.സി.ബി കൊണ്ടുവന്ന് കിണർ ഇടിച്ചാണ് രക്ഷിക്കാൻ ശ്രമിച്ചത്. കിണറ്റിൽ നിന്നും ആദ്യം കുട്ടിയാന കയറ്റി. തൊട്ടുപിറകെ കരയിൽ എത്തിയ അമ്മയാന ആദ്യം ജെ.സി.ബിക്ക് നേരെ പാഞ്ഞടുത്ത് ജെ.സി.ബി മറിച്ചിടൻ ശ്രമിച്ചു. ഇതിനടിയിൽ അടുത്ത് നിന്ന വനപാലക സംഘത്തിന് നേരെ ചീറിയടുത്തു. ഉടൻ ആകാശത്തേക്ക് വെടി ഉതിർത്തു. ഇതോടെ പിന്തിരിഞ്ഞ ആന കുട്ടിയുമായി വനത്തിലേക്ക് തിരികെ പോയി. ഇതിനിടയിൽ കാട്ടാനയുടെ മുന്നിൽ നിന്നും രക്ഷപ്പെടുന്നതിനിടെയാണ് വനപാലകർക്ക് വീണ് പരിക്കേറ്റത്.
ആവറുകുട്ടി വനമേഖലയിൽ നിന്നാണ് കാട്ടാന കൂട്ടം ജനവാസ കേന്ദ്രത്തിൽ എത്തിയതെന്നാണ് നാഗമനം. ഒരാഴ്ചയായി ഇവിടെ കാട്ടാന ശല്യം അതി രൂക്ഷമാണ്. നാല് വശവും വനത്താൽ ചുറ്റപ്പെട്ട മേഖലയാണ്. ഇടുക്കി - എറണാകുളം ജില്ലയുടെ അതിർത്തി പ്രദേശമായ ഇവിടം. നിത്യവും കാട്ടാനകളുടെ സാന്നിധ്യമുള്ള മേഖലയിൽ ടൂറിസ്റ്റുുകൾ ധാരാളമായി എത്തുന്നുമുണ്ട്. ഇത് ആശങ്കക്ക് ഇടയാക്കുന്നതാണെന്ന് വനപാലകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.