ആനയെ മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങയിലേക്ക് മാറ്റും -വനംമന്ത്രി
text_fieldsതൃശൂർ: വയനാട്ടിലെ ആളക്കൊല്ലി ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ആനയെ പിടികൂടിയതിന് ശേഷം മുത്തങ്ങയിലെത്തിച്ച് നിരീക്ഷിച്ചതിന് ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. ആനയുടെ ആരോഗ്യനില ഉൾപ്പടെ പരിശോധിച്ചതിന് ശേഷം മാത്രമേ ആനയെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റണോ അതോ കാട്ടിൽ തുറന്ന് വിടണോയെന്ന് തീരുമാനിക്കുവെന്നും വനംമന്ത്രി കൂട്ടിച്ചേർത്തു.
മുൻ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ കൂടി ഉൾക്കൊണ്ടാവും ദൗത്യം നടപ്പിലാക്കുക. തണ്ണീർക്കൊമ്പൻ ദൗത്യത്തിലുണ്ടായ പിഴവുകൾ ഉൾപ്പടെ തിരുത്തിയാവും മുന്നോട്ടു പോവുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആനയെ ഇന്ന് രാവിലെ വനംവകുപ്പ് പുഴകടത്തി തോൽപ്പട്ടി വനത്തിലേക്ക് കയറ്റിവിട്ടു.
ആനയെ കാടുകയറിയെങ്കിലും മയക്കുവെടിവെക്കാനുള്ള ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാടുകയറ്റിയത്.
അതേസമയം, പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിെൻറ മൃതദേഹം ഇന്നലെ രാത്രി പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പടമല സെൻറ് അൽഫോൻസ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ആക്രമിച്ചത്. വീട്ടിലെ ജോലിക്ക് തൊഴിലാളികളെ അന്വേഷിച്ചുപോയ അജീഷ് വീടിന് 200 മീറ്റർ മാറി റോഡിൽ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് അജീഷ് സമീപത്തെ ജോമോന്റെ വീട്ടിലേക്ക് ഓടികയറിയെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.