കടയിലെ ലിഫ്റ്റിൽ തല കുടുങ്ങി ജീവനക്കാരൻ മരിച്ചു
text_fieldsപേരൂർക്കട: ലിഫ്റ്റിൽ തല കുടുങ്ങി കടയിലെ ജീവനക്കാരൻ മരിച്ചു. നേമം ചാട്ടുമുക്ക് രശ്മി നിലയത്തിൽ സതീഷ്കുമാറാണ് (58) മരിച്ചത്. അമ്പലംമുക്കിലെ എസ്.കെ.പി സാനിറ്ററി സ്റ്റോർ ജീവനക്കാരനാണ്.
കടയിൽ സാധനങ്ങൾ മറ്റ് നിലകളിലേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഓപൺ ലിഫ്റ്റിലായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് കടയോട് ചേർന്ന ലിഫ്റ്റിൽ മൂന്നാംനിലയിൽ ആൾ കുടുങ്ങിക്കിടക്കുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ചെങ്കൽചൂള അഗ്നിരക്ഷസേനയെ വിവരമറിയിച്ചു.
ലിഫ്റ്റ് കാബിനും ഫ്രെയിമിനും ഇടയിൽ തല കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ലിഫ്റ്റ് ഉയർത്തിയാണ് സതീഷിനെ പുറത്തെടുത്തത്. ഉടൻ പേരൂർക്കട ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലിഫ്റ്റിന് കേടുപാട് ഇല്ലായിരുന്നു. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ലെന്ന് അഗ്നിരക്ഷസേന അധികൃതർ പറഞ്ഞു.
മുകളിൽനിന്ന് സാധനം എടുക്കാൻ പോയപ്പോഴാകാം അപകടമെന്ന് കരുതുന്നു. ഓപൺ ലിഫ്റ്റ് അധികം ഉപയോഗിക്കാറില്ലെന്ന് മറ്റ് ജീവനക്കാർ പറയുന്നു. വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് സതീഷ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അനൂജ. മകൾ: ഗൗരി കൃഷ്ണ.
ലിഫ്റ്റുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
ലിഫ്റ്റിനായി കാത്തുനിൽക്കുമ്പോൾ:
- ഏത് നിലയിലാണ് നിൽക്കുന്നതെന്നത് ഉറപ്പുവരുത്തുക
- ലിഫ്റ്റിന്റെ വരവ് അറിയിക്കുന്ന സിഗ്നൽ കൃത്യമായി ശ്രദ്ധിക്കണം
- വാതിലുകളിൽനിന്ന് മാറിനിൽക്കുക, ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങുന്നവർക്ക് മുൻഗണന നൽകണം
- പുറത്തിറങ്ങുന്നവർക്ക് കടന്നുപോകാനുള്ള സൗകര്യം നൽകണം
- തിരക്കുള്ളവയിൽ സാഹസികമായി കയറാൻ ശ്രമിക്കരുത്
- തീപിടിത്തമോ മറ്റോ അപായ സാഹചര്യങ്ങളിൽ ലിഫ്റ്റ് ഒഴിവാക്കി പടികൾ ഉപയോഗിക്കണം
- സൂക്ഷിച്ച് നിലയുറപ്പിക്കണം. ലിഫ്റ്റ് എത്തുക നിലയുടെ അതേ നിരപ്പിൽ ആകണമെന്നില്ല.
- വാതിലുകളിൽനിന്ന് മാറിനിൽക്കണം.
- അടയുന്ന വാതിൽ ഒരിക്കലും നിർത്താൻ ശ്രമിക്കരുത്, അടുത്ത ലിഫ്റ്റിനായി കാത്തിരിക്കണം.
ലിഫ്റ്റിൽ കയറിയാൽ:
- വസ്ത്രങ്ങളും കൈവശമുള്ള സാധനങ്ങളും ഡോറിൽ പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം
- ലിഫ്റ്റിൽ കയറിയാൽ മറ്റ് യാത്രക്കാർക്ക് ഇടം നൽകുന്നതിന് പിൻഭാഗത്തേക്ക് നീങ്ങിനിൽക്കാം.
- ലിഫ്റ്റിനുള്ളിൽ ലഭ്യമെങ്കിൽ കൈവരികൾ പിടിക്കുക
- സാധ്യമെങ്കിൽ ലിഫ്റ്റിന്റെ മതിലിനോട് ചേർന്ന് നിൽക്കണം.
- ഫ്ലോർ സൂചനകളും അറിയിപ്പുകളും ശ്രദ്ധിക്കണം.
- ഇറങ്ങേണ്ട നിലയെത്തിയാൽ പിന്നിലുള്ള മറ്റുള്ളവർക്കായി കാത്തുനിൽക്കാതെ വേഗം പുറത്തിറങ്ങണം.
- ലിഫ്റ്റ് നിലയുടെ അതേ നിരപ്പിൽ ആകണമെന്നില്ലാത്തതിനാൽ ചുവടുവെപ്പുകൾ സൂക്ഷിച്ച് വേണം.
- തകരാറിലായി മുടങ്ങിക്കിടക്കുന്ന ലിഫ്റ്റിൽ ഒരിക്കലും കയറരുത്.
അടിയന്തര സാഹചര്യങ്ങളിൽ
ലിഫ്റ്റ് എപ്പോഴെങ്കിലും നിലകൾക്കിടയിൽ നിലയ്ക്കുകയാണെങ്കിൽ പരിഭ്രാന്തരാകരുത്. സഹായത്തിനായി അലാറം, ഹെൽപ് ബട്ടൺ, ടെലഫോൺ എന്നിവ ഉപയോഗിക്കാം.
പുതിയ ലിഫ്റ്റുകളിൽ അലാം ബട്ടണ് പകരം ഫോണുകളായിരിക്കും.
ഇത് ലോക്കേഷൻ സഹിതമുള്ള വിവരം ബന്ധപ്പെട്ട സഹായകേന്ദ്രത്തിൽ എത്തിക്കും. പരിശീലനം ലഭിച്ച എമർജൻസി ഉദ്യോഗസ്ഥർ എത്തുന്നതുവരെ കാത്തിരിക്കുക. സാധാരണനിലയിൽ ലിഫ്റ്റ് നിൽക്കാത്ത സാഹചര്യങ്ങളിൽ സാഹസികമായി പുറത്തുകടക്കാൻ ശ്രമിക്കരുത്. ഇത് കൂടുതൽ അപകടമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.