ലെറ്റർ പാഡ് വ്യാജമെന്ന് വ്യക്തമാക്കാനാകാതെ ജീവനക്കാരും
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് തയാറാക്കിയ ലെറ്റർ പാഡ് വ്യാജമാണെന്ന് വ്യക്തമാക്കാനാകാതെ കോർപറേഷൻ ജീവനക്കാരും.
മേയറുടെ ഓഫിസിലെ ക്ലർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം മേയർ ആര്യ രാജേന്ദ്രന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. അവർ നൽകിയതിന് സമാനമായ മൊഴിയാണ് ജീവനക്കാരും നൽകിയത്. മേയറുടെ ഓഫിസിൽനിന്ന് ഇത്തരമൊരു കത്ത് തയാറാക്കിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകി. മേയറുടെ ലെറ്റർപാഡ് ഓഫിസിലെ ജീവനക്കാർക്കെടുക്കാൻ കഴിയുന്ന രീതിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ലെറ്റർഹെഡ് വ്യാജമാണോയെന്ന് പകർപ്പുകളിൽനിന്ന് വ്യക്തമാകുന്നില്ല. മേയറുടെ ലെറ്റർപാഡിന്റെ മാതൃകയിലുള്ളവയാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഇരുവരും വിശദീകരിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽ ജീവനക്കാരുടെയും ആരോപണം നേരിടുന്ന കൗൺസിലര്‍ ഡി.ആര്. അനിൽ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ശേഷം പ്രാഥമിക പരിശോധന റിപ്പോർട്ട് സമർപ്പിക്കും. അതിനുശേഷമാകും കേസെടുക്കുന്ന കാര്യത്തിലുൾപ്പെടെ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.