സമസ്തയിൽ ‘കുത്തിപ്പൊക്കലിനും വിഴുപ്പലക്കലിനും വിലക്ക്; മുസ്‍ലീം ലീഗുമായി അകലാനുള്ള നീക്കങ്ങളെ പ്രതിരോധിച്ച് സമസ്ത നേതൃത്വം
text_fieldsമലപ്പുറം: മുസ്‍ലീം ലീഗുമായി അകലാനുള്ള സമസ്തയിലെ ഒരുവിഭാഗത്തിന്റെ നീക്കങ്ങൾക്ക് ശക്തമായ വിലക്കുമായി സമസ്ത നേതൃത്വം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അനാരോഗ്യകരമായ വിഴുപ്പലക്കലുകളും ‘കുത്തിപ്പൊക്കലുകളും’ അവസാനിപ്പിക്കാൻ നേതാക്കളോടും പ്രവർത്തകരോടും ഉന്നത നേതൃത്വം നിർദേശം നൽകി. ഇത് പക്ഷെ കീഴ്ഘടകങ്ങളിൽ പാലിക്കപ്പെടുമോ എന്ന കാര്യത്തിൽ സംശയമാണ്. പഴയ കാലത്തെ പല വിവാദ പ്രസംഗങ്ങളും സാമൂഹികമാധ്യമങ്ങളിൽ കുത്തിപ്പൊക്കി അതിൻമേൽ അനാരോഗ്യകരമായ ചർച്ചകൾ നടക്കുകയാണ്. വിവാദ വിഷയങ്ങളിൽ നേതൃത്വം പറയുന്നത് കേൾക്കാതെ ‘അനുസരണക്കേട്’ കാട്ടുന്ന ഒരുവിഭാഗം സമസ്തയിലുണ്ട്. അവർ പരസ്യമായി നേതൃത്വത്തെ ധിക്കരിക്കുകയും സംഘടനക്കകത്ത് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നുവെന്ന് പരാതിയുണ്ട്.
സമസ്ത -സി.ഐ.സി തർക്കം പൂർണമായി പരിഹരിക്കപ്പെടാത്തതുൾപടെ പല വിഷയങ്ങളും ഇങ്ങനെയാണ് ‘വ്രണമാവുന്നത്’ എന്നാണ് സംഘടനക്കകത്തെ വിലയിരുത്തൽ. കുറച്ചുകാലമായി സമസ്തയെ ലീഗിൽ നിന്ന് അകറ്റാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമങ്ങൾ കാര്യങ്ങൾ കൈ വിടുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നാണ് മഹല്ലുകളിൽ നിന്നുള്ള റിപ്പോർട്ട്. മഹല്ല് ഭരണം വരെ ഇ.കെ. വിഭാഗത്തിന് നഷ്ടപ്പെടുന്ന സംഭവങ്ങളും മഹല്ലുകളിൽ വിഭാഗീയനീക്കങ്ങൾ ശക്തിപ്പെടുന്നതും സമസ്തക്കകത്ത് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ സമസ്ത- മുസ്‍ലീം ലീഗ് നേതാക്കൾ ഒരുമിച്ചിരുന്നത്.
കഴിഞ്ഞ ജൂലൈ ഏഴിന് നടത്താൻ നിശ്ചയിച്ച സമസ്ത-ലീഗ് യോഗത്തിൽ നിന്ന് സമസ്ത പിൻമാറി എന്ന ആക്ഷേപം ലീഗിലുണ്ടായിരുന്നു. സി.ഐ.സി തർക്കർത്തിൽ വളാഞ്ചേരി മർക്കസിൽ കോടതി വിധി നടപ്പാക്കേണ്ടി വന്നതോടെയാണ് സമസ്ത നേതൃത്വം ചർച്ചയിൽ നിന്ന് പിൻമാറിയത് എന്നായിരുന്നു ആരോപണം. ഇത് രംഗം കൂടുതൽ വഷളാക്കി. ഇതിനിടെ സമസ്തയുടെ പ്രമുഖ നേതാക്കൾ ലീഗിനെതിരെ പരസ്യപ്രസ്താവനകൾ നടത്തുന്ന സാഹചര്യം വരെയുണ്ടായി. സമസ്തയുടെ കാര്യങ്ങൾ നടക്കാൻ ലീഗിനെ തന്നെ ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്ന കാലമാണിതെന്നും പരസ്യപ്രസംഗങ്ങളുണ്ടായി. ഇത് സമസ്ത ഗ്രൂപുകളിൽ വലിയ ചർച്ചയുമായി. ഇതോടെ സമസ്തയുടെ പല മഹല്ലുകളിലും വിഭാഗീയത രൂക്ഷമായി. സമസ്ത കാലങ്ങളായി ഭരിച്ച ചാവക്കാട്ടെ മഹല്ല് എ.പി. വിഭാഗത്തിന് ലഭിച്ചത് സംഘടനക്ക് വലിയ ക്ഷീണമായി. കൊപ്പത്ത് പ്രമുഖസമസ്ത നേതാവിന് സ്ഥാനചലനമുണ്ടായി. പല മഹല്ലുകളിലും സമസ്ത നേതാക്കൾക്ക് പദവി നഷ്ടപ്പെടുന്ന സാഹചര്യമുണുള്ളത്. ലീഗ് സ്വാധീന മഹല്ലുകളിൽ സമസ്തക്ക് വലിയ നഷ്ടങ്ങൾ വരുന്നുവെന്നാണ് സംഘടനക്കകത്തെ ചർച്ച. ഇ.കെ. വിഭാഗത്തിലെ വിഭാഗീയതക്ക് പിന്തുണയുമായി എ.പി. വിഭാഗവും സി.പി.എമ്മും പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നതായും വിലയിരുത്തുന്നവർ സമസ്തക്കകത്തുണ്ട്. അടവുനയവും സമദൂര സിദ്ധാന്തവും സമസ്തക്ക് ചേരില്ലെന്നും ഈ വിഭാഗം പറയുന്നു. അതേ സമയം സമുദായത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ ഒരു നിലക്കും പിന്തുണക്കുകയില്ലെന്നാണ് പാണക്കാട് നേതൃത്തിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.