റഷ്യൻ സൈന്യത്തിലകപ്പെട്ടവരുടെ രക്ഷപ്പെടൽ വൈകുന്നു
text_fieldsആറ്റിങ്ങൽ: തൊഴിൽ തേടിയെത്തി റഷ്യയിൽ സൈനിക സേവനത്തിന് നിർബന്ധിതരായ അഞ്ചുതെങ്ങ് സ്വദേശികളെ രക്ഷപ്പെടുത്തൽ അനന്തമായി നീളുന്നു. റഷ്യയിലെ ഇന്ത്യൻ എംബസി സഹായിക്കാൻ തയാറാകുന്നില്ലെന്ന് ബന്ധുക്കളുടെ പരാതി.
അഞ്ചുതെങ്ങ് കുരിശ്ശടി മുക്കിന് സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ- നിർമല ദമ്പതികളുടെ മകൻ പ്രിൻസ് (24), പനിയടിമ - ബിന്ദു ദമ്പതികളുടെ മകൻ ടിനു (25), സിൽവ - പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് റഷ്യയിൽ യുദ്ധ മുഖത്ത് സൈനിക സേവനത്തിന് നിർബന്ധിതരായത്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ വെടിയേറ്റും മൈൻ പൊട്ടിയും പരിക്കേറ്റ പ്രിൻസ് വഴിയാണ് വീട്ടുകാർ വിവരമറിയുന്നത്.
ഫെബ്രുവരി ആറിനാണ് പ്രിൻസിന് പരിക്കേറ്റത്. തുടർന്ന് ഒരു മാസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രിൻസ് മാർച്ച് ആറിനാണ് ആശുപത്രി വിട്ടത്. നിലവിൽ പ്രിൻസ് മോസ്കോ സിറ്റിയിൽ സുരക്ഷിതമാണെങ്കിലും ആഹാരം ഉൾപ്പെടെ സമയം കിട്ടാത്ത അവസ്ഥയുണ്ട്. പ്രിൻസിന്റെ പാസ്പോർട്ട് നിലവിൽ സൈനിക ക്യാമ്പിലാണ്. ഇതു ലഭിച്ചാൽ നാട്ടിലേക്ക് വരാൻ കഴിയും.
പ്രിൻസ് മോസ്കോയിലുള്ള ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നാണ് ആക്ഷേപം. ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നത്രെ. തുടർന്ന് ബന്ധുക്കൾ വഴി നാട്ടിലെ പൊതുപ്രവർത്തകരെ വിവരം അറിയിച്ചു. 15ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകി.
ഇതിനെത്തുടർന്ന് കേരള സർക്കാറിനുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി മോസ്കോയിലുള്ള ഇന്ത്യൻ എംബസി അംബാസഡർ, കേന്ദ്ര വിദേശകാര്യ ജോയൻറ് സെക്രട്ടറി എന്നിവർക്ക് 16ന് കത്ത് നൽകി. അടൂർ പ്രകാശ് എം.പി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവർ ഇപ്പോഴും യുക്രെയ്ൻ സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. യുദ്ധമുഖത്തുനിന്ന് നാമമാത്രമായി ഇവർ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഇതിനിടെ ബോംബ് സ്ഫോടനങ്ങളുടെയും മറ്റും ശബ്ദം കേൾക്കുന്നത് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ബ്രെഡ് ആണ് ആഹാരമായി ലഭിക്കുന്നത്. പച്ച ഇറച്ചിയും നൽകും. അത് ചൂടുവെള്ളത്തിലിട്ട് വേവിച്ച് ആണ് ഭക്ഷിക്കുന്നതെന്ന് പ്രിൻസിന്റെ സഹോദരൻ പ്രശാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.