സർഗധനരായ എഴുത്തുകാരുടെ മാതൃകകൾ പിൻതുടരണം- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭാഷയിലും സാഹിത്യത്തിലും സർഗധനരായ എഴുത്തുകാരുടെ മാതൃകകൾ പിൻതുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടന്ന ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാര വിതരണവും വെബ്പോർട്ടൽ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തവണത്തെ വൈജ്ഞാനിക പുരസ്‌ക്കാരങ്ങൾക്ക് അർഹരായിരിക്കുന്നത് മൂന്ന് വ്യക്തികളാണ്. കവി, ചരിത്രകാരൻ, പത്രാധിപർ, അധ്യാപകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എൻ.വി. കൃഷ്ണവാരിയരുടെ പേരിലുള്ള പുരസ്‌ക്കാരം കവിയായ പി. എൻ ഗോപീകൃഷ്ണൻ ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ 'ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ' എന്ന പുസ്തകമാണ് ഈ പുരസ്‌ക്കാരത്തിന് അർഹമായിരിക്കുന്നത്.
എൻ.വിയെ പോലെ തന്നെ കാവ്യലോകത്തു മാത്രമായി തന്റെ ഇടപെടലുകൾ ചുരുക്കാത്ത പി.എൻ ഗോപീകൃഷ്ണന്റെ കൈകളിലേക്ക് എൻ വിയുടെ പേരിലുള്ള പുരസ്‌കാരം എത്തിച്ചേരുന്നതിൽ തികഞ്ഞ ഔചിത്യഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഴുത്തുകാരനും ഭാഷാവിദഗ്ധനുമായിരുന്ന ഡോ. കെ.എം. ജോർജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഗവേഷണ പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത് ഡോ. ടി. തസ്ലീമയാണ്. ചരിത്രകാരനും ഗവേഷകനും എഴുത്തുകാരനുമായ എം. പി കുമാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള വിവർത്തന പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത് ഡോ. എസ്. ശാന്തിയാണ്.
ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. വി കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.