പ്രതിയുമായി പോയ എക്സൈസ് വാഹനം അപകടത്തിൽപെട്ടു
text_fieldsമൂലമറ്റം: പ്രതിയുമായി കോടതിയിലേക്ക് പോയ എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. വിദേശമദ്യം വിൽപന നടത്തിയ പ്രതിയെ മുട്ടം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന എക്സൈസിന്റെ വാഹനമാണ് ഗുരുതിക്കളത്ത് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട വാഹനം കൊക്കയിലേക്ക് തെന്നിമാറിയെങ്കിലും മരത്തിൽ തട്ടിനിന്നതിനാൽ വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തങ്കമണി എക്സൈസ് പ്രിവിന്റിവ് ഓഫിസർ കെ.എ. അജിത് കുമാറിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെ ചിന്നാർ ഭാഗത്തുവെച്ച് വിദേശമദ്യം സ്കൂട്ടറിൽ വിൽപന നടത്തുകയായിരുന്ന ഇടുക്കി വാത്തുക്കുടി മന്നാത്ര പുതുപ്പറമ്പിൽ രാജുവിനെയാണ് അറസ്റ്റ് ചെയ്തത്.തൊണ്ടിയായി രണ്ടരലിറ്റർ മദ്യവും 1,800 രൂപയും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഇടുക്കി കോടതി അവധിയായതിനാലാണ് മുട്ടം കോടതിയിലേക്ക് കൊണ്ടുപോയത്.സിവിൽ എക്സൈസ് ഓഫിസർമാരായ പി.എം. ജലീൽ, ബിനു ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.