കണ്ണൂർ സർവകലാശാല സിലബസിലെ വിവാദ പാഠഭാഗങ്ങൾ സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധ സമിതി കൈമാറി
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശായിലെ വിവാദ പി.ജി സിലബസ് പൂർണമായി ഒഴിവാക്കില്ലെന്ന് സൂചന. വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഒഴിവാക്കുന്ന പാഠഭാഗങ്ങൾ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കി ഭാഗികമായി നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച റിപ്പോർട്ട് രണ്ടംഗ വിദഗ്ധ സമിതി സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറി. റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസിനും അക്കാദമിക് കൗൺസിലിനും കൈമാറുമെന്നും ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെടുക്കുകയെന്നും വി.സി വ്യക്തമാക്കി. കേരള സർവകലാശാലാ മുൻ പി.വി.സി ജെ. പ്രഭാഷ്, കോഴിക്കോട് സർവകലാശാലാ റിട്ട. പ്രഫസർ ഡോ. പവിത്രൻ എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിലബസിൽ പോരായ്മകൾ ഉണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയതായി വി.സി പറഞ്ഞു. ഈ മാസം 29ന് ചേരുന്ന അക്കാദമിക് കൗൺസിൽ അന്തിമ തീരുമാനം എടുക്കും. സിലബസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാചര്യത്തിലാണ് ഇതിനെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല തയാറായത്.
മൂന്നാം സെമസ്റ്ററിലെ പഴയ സിലബസിലെ 'കൺടെംപററി പൊളിറ്റിക്കൽ തിയറി' എന്ന പേപ്പറാണ് ഒഴിവാക്കുന്ന പാഠഭാഗങ്ങൾക്ക് പകരം പഠിപ്പിക്കുക. ദീൻ ദയാൽ ഉപധ്യായ, ബെൽരാജ് മധോക്കർ എന്നിവരുടെ പുസ്തകങ്ങളും സിലബസിൽനിന്ന് ഒഴിവാക്കുമെന്ന് സൂചയുണ്ട്. ഇതിന് പകരം ജയപ്രകാശ് നാരായണൻ, രാം മനോഹർ ലോഹ്യ എന്നിവരുടെ 'ജനതാ മൂവ്മെൻറ്' സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. കൂടാതെ സോഷ്യലിസ്റ്റ് സൈദ്ധാന്തികർ, ഇസ്ലാമിക് ചരിത്രം എന്നിവയടങ്ങുന്ന പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.