നിറ്റ ജലാറ്റിൻ കമ്പനിയിലെ സ്ഫോടനം രാസവസ്തുക്കൾ മൂലം
text_fieldsകാക്കനാട്: നിറ്റ ജലാറ്റിൻ കമ്പനിയിൽ അന്തർ സംസ്ഥാന തൊഴിലാളി മരിക്കാനിടയാക്കിയ സംഭവത്തിലെ സ്ഫോടനത്തിന് പിന്നിൽ അപകടകാരികളായ രാസവസ്തുക്കളെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ. പൊലീസിെൻറ ഫോറന്‍സിക് വിദഗ്ധരും കെമിക്കൽ ഹസാർഡ് അന്വേഷണ സംഘവും അഗ്നിരക്ഷ സേനയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥരും ബുധനാഴ്ച സംഭവ സ്ഥലത്ത് സംയുക്തമായി നടത്തിയ പരിശോധനയിൽ രാസപദാർഥങ്ങളുടെ സാമിപ്യം കണ്ടെത്തി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
സി.സി ടി.വി കാമറ ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചു. പ്ലാന്റിലെ ചൂളയിൽ നിന്നുള്ള പൈപ്പ് ലൈൻ പരിശോധിച്ചെങ്കിലും ചോർച്ച കണ്ടെത്തിയില്ല.വിശദമായ പരിശോധനക്കായി പരിസരത്തുനിന്ന് ഒട്ടേറെ സാംപിളുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പുറമേ നിന്നുള്ള വിദഗ്ധെൻറ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചതായി കമ്പനി മാനേജ്മെന്റ് അറിയിച്ചു. റിഫൈനറിയിൽനിന്ന് വിരമിച്ച മുതിർന്ന സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. പ്രാഥമിക റിപ്പോർട്ട് ഉടൻ തരാനും പിന്നീട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുെണ്ടന്ന് നിറ്റ ജലാറ്റിൻ എ.ഡി സജീവ്.കെ.മേനോൻ അറിയിച്ചു.
ഫാക്ടറിയ്ക്ക് പുറത്ത് വെച്ചിരുന്ന കാനുകളാണ് പൊട്ടിത്തെറിച്ചത്. കമ്പനിയിലേക്ക് നേര്‍പ്പിച്ച സള്‍ഫ്യൂറിക് ആസിഡ് കൊണ്ടുവരുന്ന കാനുകളാണിവ. 15 ദിവസം കൂടുമ്പോൾ നീക്കം ചെയ്തു വരുന്നു. വർഷങ്ങളായി ഇവിടെയാണ് ഉപയോഗ ശൂന്യമായ കാനുകൾ സൂക്ഷിക്കുന്നതെന്നും മാനേജ്മെൻറ് അറിയിച്ചു.
അതിനിടെ നിറ്റ ജലാറ്റിൻ കമ്പനിയിലെ പൊട്ടിത്തെറിയിൽ മരണപ്പെട്ട രജൻ ഒറാങ്കിെൻറ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റുേമാർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ അസമിലെ ദേക്കിയജൂലിയിലേക്ക് കൊണ്ടുപോയി. രജൻ അവിവാഹിതനാണ്. അടുത്ത മാസം വിവാഹം നടക്കാനിരിക്കേയാണ് അപകടമരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. രണ്ട് മലയാളികൾ ഉൾെപ്പടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. ജീവനക്കാരായ ഇടപ്പള്ളി സ്വദേശി നജീബ് (48), തൃക്കാക്കര തോപ്പിൽ സ്വദേശി സനീഷ് (46) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയരായ ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അസം സ്വദേശികളായ രണ്ടു പേരുടെ പരിക്കുകൾ ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.